ബെംഗളുരു | ചന്ദ്രയാന്‍ പേടകത്തിന്റെ അവസാന ഭ്രമണ പഥം താഴ്ത്തല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ പേടകം ചന്ദ്രന്റെ 150 കിമീ x 163 കിമീ പരിധിയിലുള്ള ഭ്രമണ പഥത്തിലെത്തി. വിക്രം ലാൻഡറും പ്രജ്ഞാന്‍ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെടുന്ന ഘട്ടമാണ് അടുത്തത്.
ഓഗസ്റ്റ് 17നാണ് ലാൻഡിങ് മോഡ്യുള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെടുക. ഇതിന് ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്ക് മാറ്റും. ഡീ-ബൂസ്റ്റ് പ്രക്രിയയിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്കാണ് എത്തിക്കുക.
30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് ഇതിലെ ഏറ്റവും പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങി കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റണം. ഇതിന് ശേഷം ഓഗസ്റ്റ് 23 നാണ് ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക.