//
11 മിനിറ്റ് വായിച്ചു

പീഡനക്കേസ്: മോൻസൺ മാവുങ്കലിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ദില്ലി : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കൽ നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത്  സുപ്രീം കോടതി മാറ്റി. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. മോൻസൺന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മോൻസൺ മാവുങ്കൽ സുപ്രീംകോടതിയിൽ എത്തിയത്. തനിക്കെതിരായ പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതെന്ന് ഹർജിയില്‍ ആരോപിക്കുന്നു. ജീവക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്‍റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസൺ അപേക്ഷയില്‍ ആരോപിക്കുന്നു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ 14ാം തിയതിയാണ് ഹൈക്കോടതി തളളിയത്. ബലാത്സംഗ – പോക്സോ കേസുകളിലാണ് മോൻസണ്‍ കോടതിയെ സമീപിച്ചിരുന്നത്. വിവാഹിതയായ യുവതിയെയും  പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയേയും  ബലാത്സംഗം ചെയ്തെന്നായിരുന്നു കുറ്റം. ഇരുകേസുകളിലും കുറ്റപത്രം സമർപ്പിച്ചെന്നും വിചാരണ ഉടൻ തുടങ്ങുമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തളളിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോൻസൺ മാവുങ്കലിനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കൽ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version