ദില്ലി: രാജ്യദ്രോഹകേസുകൾ മരവിപ്പിക്കുന്നതിൽ നാളെ നിലപാട് അറിയിക്കാൻ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. പുനപരിശോധന വരെ പുതിയ കേസുകൾ ഒഴിവാക്കാനാകുമോ എന്ന് കോടതി ചോദിച്ചു. നിലവിൽ കേസ് നേരിടുന്നവർക്ക് സംരക്ഷണം നല്കുന്നതും ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും. രാജ്യദ്രോഹ കുറ്റത്തിന് എതിരായ ഹർജികള്‍ മാറ്റിവയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. രാജ്യത്തിൻറെ അഖണ്ഡതയും പരമാധികാരവും വിഷയമാണ്. അതിനാൽ സർക്കാരിന് ആലോചിച്ചു തീരുമാനിക്കണമെന്ന് സോളിസിറ്റർ ജനറൽ കോടതിയില്‍ പറഞ്ഞു. ഹര്‍ കോടതി പരിഗണിക്കരുത് എന്ന് കേന്ദ്ര നിലപാടിനെ എതിർത്ത് കപിൽ സിബൽ വാദിച്ചു. 10 മാസം മുമ്പ് നോട്ടീസ് നല്കിയ വിഷയമാണെന്ന് കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിൻറെ നിലപാട് തള്ളുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിനു പാർലമെൻറിനു വേണ്ടി സംസാരിക്കാനാവില്ലെന്ന് ഗോപാൽ സുബ്രമണ്യം വാദിച്ചു. കൊളോണിയൽ നിയമങ്ങൾ ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് സത്യവാങ്മൂലത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. തല്ക്കാലം നിയമത്തിൻറെ ദുരുപയോഗം എങ്ങനെ തടയാം എന്നത് ആലോചിക്കണം. നിലവിലെ കേസുകളിലും ഭാവിയിൽ എടുക്കാവുന്ന കേസുകളിലും കേന്ദ്ര നിലപാട് എന്തെന്ന് കോടതി ചോദിച്ചു. രാജ്യദ്രോഹ കുറ്റം തല്ക്കാലം ചുമത്താതിരിക്കാനാവില്ലേ എന്ന് ചോദിച്ച കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്കിക്കൂടെ എന്നും ചോദിച്ചു. ഏതെങ്കിലും കുറ്റം ചുമത്താതിരിക്കാൻ കോടതി നിർദ്ദേശിച്ച ചരിത്രമില്ലെന്ന് കേന്ദ്രം മറുപടി നല്‍കി. ജവഹർലാൽ നെഹ്റുവിന് ചെയ്യാനാവാത്തതാണ് ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നതെന്നും കേന്ദ്രം പറഞ്ഞു.