പാലക്കാട്: 45മണിക്കൂര്‍ മലമ്ബുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിന് അരലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരസ്യ കമ്ബനി ഉടമ.പാറയിടുക്കില്‍ കുടുങ്ങി രണ്ടു രാത്രി ചെലവഴിക്കേണ്ടി വന്ന ബാബു (23)വിന്റെ മനോധൈര്യത്തെ ആദരിച്ചുകൊണ്ടാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറട്ടി ആണ് യുവാവിന് ധനസഹായം പ്രഖ്യാപിച്ചത്.ശനിയാഴ്ച പാലക്കാട് ചെറാടിലുള്ള യുവാവിന്റെ വീട്ടിലെത്തി ഉപഹാരം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.തിങ്കളാഴ്ച രാവിലെ 3 സുഹൃത്തുക്കള്‍ക്കൊപ്പം കൂര്‍മ്ബാച്ചി മല കയറിയ ബാബു തിരികെ ഇറങ്ങുന്നതിനിടെയാണ് കാല്‍ വഴുതി വീണത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറിയിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു.കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്. കേണല്‍ ഹേമന്ത് രാജും ടീമിലുണ്ടായിരുന്നു. ഇന്നലെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവിനു വെള്ളം നല്‍കിയശേഷം സുരക്ഷാ ജാക്കറ്റിട്ട് ബാബുവിനെ ചേര്‍ത്തു പിടിച്ച് മുകളിലേക്ക് കയറി. കേരളം കണ്ട ഏറ്റവും സാഹസികമായ രക്ഷാദൗത്യത്തിലൂടെയാണാണ് സൈന്യം ബാബുവിനെ രക്ഷിച്ചത്.