ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മുന്‍ എംഎല്‍എ വി.ടി ബല്‍റാമിനെ പരിഹസിച്ച് പി.വി അന്‍വര്‍ എംഎല്‍എ. 2019ല്‍ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് അന്‍വര്‍ വീണ്ടും കുത്തിപ്പൊക്കി പരിഹസിച്ചത്.
ബല്‍റാമിന്റെ പോസ്റ്റ് പങ്കുവച്ച് അന്‍വര്‍ പറഞ്ഞത് ഇങ്ങനെ:
”സൈബര്‍ സഖാക്കളോടാണ്. ഒന്നാമതെ കോണ്‍ഗ്രസ് മെരിച്ച് കൊണ്ടിരിക്കുകയാണ്. ഈ സമയം നമ്മളായി ഇത് കുത്തി പൊക്കണ്ട.. നമ്മളങ്ങനെ ചെയ്യോ..”
2019ലെ ബല്‍റാമിന്റെ പോസ്റ്റ് ഇങ്ങനെ:
”വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്. എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട..”ഈ പരാമര്‍ശത്തെയാണ് പി.വി അന്‍വര്‍ പരിഹസിച്ചത്.ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഹാര്‍ദിക്കിന്റെ രാജി. പാട്ടീദാര്‍ പ്രവര്‍ത്തകനായിരുന്ന ഹാര്‍ദിക് പട്ടേല്‍ സംവരണ പ്രക്ഷോഭങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.കോണ്‍ഗ്രസിനുള്ളിലെ ഉള്‍പ്പോരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയ ശേഷമാണ് ഹാര്‍ദിക് രാജി പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും താല്‍പര്യം ചിക്കന്‍ സാന്‍വിച്ച് ഉറപ്പാക്കുന്നതിലാണെന്നും ഹാര്‍ദിക് പറഞ്ഞു.
ഹാര്‍ദിക് പട്ടേലിന്റെ വാക്കുകള്‍:
”ഞാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അവരുടെ ശ്രദ്ധ ഫോണിലായിരുന്നു. ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കേള്‍ക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. മുതിര്‍ന്ന നേതാക്കന്‍മാര്‍ക്ക് സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദര്‍ശിച്ച് അവര്‍ക്ക് ചിക്കന്‍ സാന്‍വിച്ച് ഉറപ്പുവരുത്തുന്നതിലാണ് കൂടുതല്‍ താല്‍പര്യം. ഗുജറാത്തിനോട് കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യം കാണിക്കുന്നില്ല. ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ മാര്‍ഗരേഖ പോലുമില്ല. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളേയും വെറുതെ എതിര്‍ക്കുന്നത് മാത്രമായിരിക്കുകയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം.”