/
12 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിം​ഗിന് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിം​ഗിന് നിരോധനം. നാലായിരത്തി അഞ്ഞൂറിലധികം വരുന്ന ട്രോളിം​ഗ് ബോട്ടുകൾ ഇന്ന് അർധരാത്രി മുതൽ കടലിൽ പോകില്ല. അതേസമയം പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുമ്പെ തീരം വിട്ടു പോകണമെന്നും നിർദേശമുണ്ട്.ഇന്ധന വിലവർദ്ധനവിൽ ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. മത്സ്യ തൊഴിലാളികൾക്ക് ട്രോളിം​ഗ് നിരോധന കാലത്ത് സർക്കാർ സഹായമാണ് ഏക പ്രതീക്ഷ. 4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്ന് കൊടുക്കും. ഹാര്‍ബറുകളിലും ലാൻഡിംഗ് സെന്‍ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചിടാനും നിര്‍ദേശമുണ്ട്. ട്രോളിം​ഗ് നിരോധനം നടപ്പിലാകുന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. മുൻ വർഷത്തേതിനേക്കാൾ പരിഗണന വേണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.യാനങ്ങളുടെ നവീകരണത്തിന് പലിശ രഹിത വായ്പ അനുവദിക്കണമെന്ന ആവശ്യവും ബോട്ടുടമകൾ ഉയർത്തുന്നുണ്ട്. ട്രോളിംഗ് നിരോധനം ചുരുങ്ങിയത് 90 ദിവസമാക്കണം, മുനമ്പത്തും നീണ്ടകരയിലും വ്യാപകമായ പെയര്‍ ട്രോളിംഗ് നിര്‍ത്തലാക്കണം, ആഴക്കടലിലെ അശാസ്ത്രീയ മീൻപിടുത്തം തടയാൻ വ്യാപക പരിശോധനയും നടപടിയും വേണം, തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മത്സ്യവറുതി പാക്കേജ് നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്.കാലാവസ്ഥാ മുന്നറിയിപ്പുകൾ കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടപ്പെട്ടത് 72 തൊഴിൽ ദിനങ്ങളാണെന്ന് സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയൻ ചൂണ്ടിക്കാട്ടി. തീരദേശത്തെ പട്ടിണിമാറ്റാൻ അടിയന്തര ഇടപെടൽ വേണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. മീൻ കച്ചവടം മുതൽ ഐസ് പ്ലാന്റുകൾ വരെയുളള അനുബന്ധ തൊഴിൽ മേഖലകളേയും ട്രോളിംഗ് നിരോധനം ബാധിക്കും. തീരക്കടലിലും, ആഴക്കടലിലും പരിശോധന കർശനമാക്കാനും ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version