സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സൗജന്യ ഓണക്കിറ്റ് വാങ്ങുന്നവരെ അധിക്ഷേപിച്ച ട്വന്റി 20ക്കെതിരെ പിവി ശ്രീനിജിന്‍ എംഎല്‍എ. ഓണക്കിറ്റ് വാങ്ങുന്നവര്‍ പട്ടികളാണെന്ന പരാമര്‍ശത്തിനെതിരെയാണ് ശ്രീനിജിന്‍ രംഗത്തെത്തിയിരിക്കുന്നത്. വിമര്‍ശിക്കാം, പക്ഷെ ഇത്രയും തരം താഴരുതെന്നാണ് ശ്രീനിജിന്‍ ട്വന്റി 20യോട് പറയുന്നത്.
”സാധാരണക്കാരായ ഒരാള്‍ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന് (പ്രത്യേകിച്ച് ഓണക്കാലത്ത് ) എന്നുകരുതി ഒരു കരുതലായ് നമ്മുടെ സര്‍ക്കാര്‍ നല്കുന്ന ഓണകിറ്റിനെ വിമര്‍ശിച്ച് പ്രാദ്ദേശിക പഞ്ചായത്തുപാര്‍ട്ടി അവരുടെ ഒഫീഷ്യല്‍ പേജില്‍ ഇട്ടിരിക്കുന്ന പോസ്റ്റ് വെട്ടലോടുകൂടി ഇവിടെ കൊടുക്കുന്നു.മുതലാളി പാര്‍ട്ടിയുടെ ജനാധിപത്യബോധം. വിമര്‍ശിക്കാം പക്ഷെ ഇത്രയും തരം താഴരുത്.”-ശ്രീനിജിന്‍ പറഞ്ഞു.
ട്വന്റി 20യുടെ പോസ്റ്റ് ഇങ്ങനെ:
”പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാന്‍ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്. പട്ടിക്ക് അറിയില്ല. അത് സ്വന്തം വാലാണെന്ന്. ഓണകിറ്റ്.” ഈ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ഓണക്കിറ്റിന്റെ വിതരണം 32 ലക്ഷം കവിഞ്ഞതായി മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. 23 മുതല്‍ 27 വരെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുടമകള്‍ക്കായിരുന്നു ഭക്ഷ്യക്കിറ്റ് വിതരണം. 27നു മാത്രം 7,18,948 കിറ്റുകള്‍ വിതരണം ചെയ്തു. ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്തംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും.
നിശ്ചയിക്കപ്പെട്ട തീയതികളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സെപ്തംബര്‍ 4, 5, 6, 7 തീയതികളില്‍ വാങ്ങാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകള്‍ക്കും തുടക്കമായി. തിരുവനന്തപുരത്തെ മെട്രോ ഫെയര്‍ ഓഗസ്റ്റ് 26നു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തിരുന്നു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മെട്രോ ഫെയറുകള്‍ മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ് എന്നിവരും കോട്ടയം ജില്ലാ ഫെയര്‍ ഭക്ഷ്യ വകുപ്പു മന്ത്രി ജി.ആര്. അനിലും നിര്‍വഹിച്ചു.
മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ഉദ്ഘാടനം നിര്‍വഹിച്ചു. മില്‍മ, മീറ്റ് പ്രഡക്ട്സ് ഓഫ് ഇന്ത്യ, കൈത്തറി ഉത്പന്നങ്ങള്‍, ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ എന്നിവ ഈ ഫെയറുകളിലൂടെ വിതരണത്തിന് സജ്ജമാണെന്ന് മന്ത്രി അനില്‍ അറിയിച്ചു.