/
14 മിനിറ്റ് വായിച്ചു

അന്വേഷണ സംഘം പലവഴിക്ക്​; പുന്നോൽ ഹരിദാസൻ കൊലക്കേസിലെ രണ്ട്​ പ്രതികൾ ഇപ്പോഴും കാണാമറയത്ത്​

ബി.ജെ.പി. മണ്ഡലം തല നേതാക്കൾ വരെ കുറ്റാരോപിതരായി ജയിലിൽ കഴിയുന്ന കൊലപാതകക്കേസന്വേഷണം മാസം പത്ത് പിറന്നിട്ടും ഇനിയും പൂർത്തിയാക്കാനായില്ല. സി.പി.എം.പ്രവർത്തകൻ പുന്നോൽ താഴെ വയൽ ശ്രീ മുത്തപ്പൻ വീട്ടിൽ ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസിലാണ് അലംഭാവം. ചുമതലയുള്ള അന്വേഷണ സംഘം സ്ഥലം മാറ്റത്തെ തുടർന്ന് പല വഴിക്കായി ചിതറിയതാണ് പ്രതിബന്ധമാവുന്നത്. പ്രമാദമായ കൊല കേസിൽ പിടി കിട്ടേണ്ട രണ്ട് പ്രധാന പ്രതികകളാണ്​ ഇപ്പോഴും ഒളിവിൽ കഴിയുന്നത്​. മൂന്നാം പ്രതി മാഹി ചാലക്കരയിലെ ദീപക് എന്ന ഡ്രാഗൺ ദീപു (30 ), നാലാം പ്രതി ന്യൂ മാഹി ഈയ്യത്തും കാട്ടിലെ പുണർതത്തിൽ നിഖിൽ നമ്പ്യാർ (27) എന്നിവരാണ് പത്ത് മാസം കഴിയാറായിട്ടും നിയമത്തിന് പിടിനൽകാതെ ഇപ്പോഴും അജ്ഞാത കേന്ദ്രത്തിൽ ഒളിച്ചു കഴിയുന്നത്‌.

ഇക്കഴിഞ്ഞ ഫിബ്രവരി 21 ന് പുലർച്ചെയാണ് ഹരിദാസൻ കൊല്ലപ്പെട്ടത്. സംഭവത്തിന് ഏതാനും ദിവസം മുൻപ് സമീപത്തെ ഒരു ഉത്സവ പറമ്പിലുണ്ടായ സംഘർഷത്തെ തുടർന്ന്​ സി.പി.എം.പ്രവർത്തകനും മത്സ്യതൊഴിലാളിയുമായ ഹരിദാസനെ ബി.ജെ.പി, ആർ.എസ്.എസ് സംഘം ഗൂഡാലോചന നടത്തി സ്വന്തം വീട്ടുപറമ്പിൽ വച്ച് വെട്ടിക്കൊന്നുവെന്നാണ്​ പൊലീസ്​ കേസ്​. അന്വേഷണത്തിന് സർക്കാർ പ്രത്യേകം ചുമതല നൽകി ന്യൂ മാഹിയിലെത്തിച്ച അഡീഷണൽ സിററി കമ്മിഷണർ പി.പി. സദാനന്ദൻ, എ.സി.പി പ്രിൻസ് എബ്രഹാം, ന്യൂ മാഹി ഇൻസ്​പെക്ടർ വി.വി. ലതീഷ്, അന്വേഷണത്തെ ഏകോപിപ്പിച്ച് നേതൃത്വം നൽകിയ കമ്മിഷണർ ആർ. ഇളങ്കോ എന്നിവർ സ്ഥലം മാറ്റത്തെ തുടർന്ന്​ ഇപ്പോൾ പല വഴിക്കാണുള്ളത്. ഒളികേന്ദ്രത്തെ പറ്റി ചില സൂചനകൾ ലഭിച്ചതിനെ തുടർന്ന് ഏതാനും മാസം മുൻപ് ഇവരെ തിരഞ്ഞു പോയ പൊലിസ് സംഘം നിരാശരായി തിരിച്ചു വരുന്നതിനിടെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബേറുണ്ടായിരുന്നു. ആകെ 17 പ്രതികളുള്ള ഹരിദാസൻ കൊലക്കേസിന്‍റെ കുറ്റപത്രം ഇക്കഴിഞ്ഞ മേയ് 20ന് പ്രത്യേകാന്വേഷണ സംഘം തലശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ബി.ജെ.പി.തലശ്ശേരി മണ്ഡലം പ്രസിഡന്‍റും തലശ്ശേരി നഗരസഭാ കൌൺസിലറുമായ കൊമ്മൽ വയലിലെ ശ്രീ ശങ്കരാലയത്തിൽ കെ. ലിജേഷാണ് ഒന്നാം പ്രതി. അണ്ടലൂർ സ്വദേശിനി ശ്രീനന്ദനത്തിൽ പി. രേഷ് മാ പ്രശാന്താണ് (42) 17-ാം പ്രതി. പുന്നോൽ സ്കൂളിലെ അധ്യാപികയാണ് രേഷ്മ. കൊലക്കേസിലെ ഏഴാം പ്രതി നിജിൽദാസിന് ഒളിയിടം ഒരുക്കി നൽകിയെന്നാണ് രേഷ്മക്കെതിരെയുള്ള കുറ്റം. രാഷ്ട്രിയ കൊലപാതകക്കേസിൽ സമീപകാലത്ത് ഒരു സ്ത്രീ പ്രതിയായതും ഹരിദാസൻ വധക്കേസിന്‍റെ പ്രത്യേകതയാണ്​.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version