ബംഗളൂരു > മൈസൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. എട്ടംഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മലപ്പുറം വാണിയമ്പലം സ്വദേശികളായ അബ്ദുൾ നാസർ (45), മകൻ നഹാസ് (15) എന്നിവർ മരിച്ചു. മൈസൂർ നഞ്ചൻകോടിനും ഗുണ്ടൽപ്പേട്ടിനുമിടയിലുള്ള പൊസഹള്ളി ഗേറ്റിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ മൈസൂർ നഞ്ചൻകോടിനും ഗുണ്ടൽപ്പേട്ടിനുമിടയിലുള്ള പൊസഹള്ളി ഗേറ്റിനു സമീപം ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. അബ്ദുൾ നാസറിനെയും മകനെയും കൂടാതെ ഭാര്യയും രണ്ട് മക്കളും സഹോദരനും വാഹനത്തിലുണ്ടായിരുന്നു. അബ്ദുൾ നാസറും മകനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവരെ മൈസുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.
വെള്ളിയാഴ്ചയാണ് കുടുംബം മൈസൂരുവിലേക്ക് വിനോദയായാത്ര പോയത്. അവിടെ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. വാണിയമ്പലം ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് നഹാസ്.