പുഴയിൽ കുളിക്കുന്നതിനിടയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. കാണാതായ കുട്ടിക്കായി വെള്ളിയാഴ്ച വീണ്ടും തിരച്ചിലാരംഭിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
ചെറുപ്പറമ്പ് ഫിനിക്‌സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കക്കോട്ട് വയൽ രയരോത്ത് മുസ്തഫയുടെ മകൻ സിനാൻ (20), ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെ മകൻ മുഹമ്മദ് ഷഫാദ് (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഏറെ നേരത്തെ തിരച്ചിലിനിടയിൽ മുഹമ്മദ് ഷഫാദിനെ കണ്ടത്തി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനാന് വേണ്ടി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ശക്തമായ മഴയും ഇരുട്ടുമായതിനാൽ രാത്രി 12 മണിക്ക് തിരച്ചിൽ നിർത്തുകയായിരുന്നു.
പരിസര പ്രദേശത്തെ അഞ്ച് കുട്ടികൾ കുളിക്കാൻ വന്നതായിരുന്നു.
മുഹമ്മദ് ഷഫാദ് വഴുതി വീഴുകയായിരുന്നു. സിനാൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു. രണ്ട് പേരും മുങ്ങുന്നത് കണ്ട് കൂടെയുള്ളവർ ഒച്ച വെക്കുകയായിരുന്നു. പരിസരവാസികൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തി. നാട്ടുകാരും ഫയർഫോഴ്‌സ് ടീമും ഏറെ നേരം രക്ഷാപ്രവർത്തനങ്ങൾ നടത്തിയാണ് ഒരാളുടെ മൃതദേഹം കിട്ടിയത്. മരിച്ച മുഹമ്മദ് ഷഫാദ് കല്ലി ക്കണ്ടി എൻ എ എം കോളജ് മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.
നാട്ടുകാരും ഫയർഫോഴ്‌സും, മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. കെ.പി.മോഹനൻ എം.എൽ.എ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ലത, വൈസ് പ്രസിഡന്റ് എൻ.അനിൽകുമാർ തുടങ്ങിയ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും നേതൃത്വം നൽകുന്നുണ്ട്.