/
14 മിനിറ്റ് വായിച്ചു

വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം: വനിതാ യൂട്യൂബറുടെ കാർ കസ്റ്റഡിയിലെടുത്തു

പുനലൂരിൽ വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അമല അനുവിന്റെ കാർ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തൻകോട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. അമല അനു ഇവിടെ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതെങ്കിലും ഇവരെ കണ്ടെത്താനായില്ല. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബർ കൊച്ചിയിലേക്ക് മാറിയെന്ന വിവരമാണ് ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും അമലയെ കണ്ടെത്താനായില്ല. അമല അനുവിനെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വനിതാ വ്ളോഗറുടെ മുൻകൂർ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി. മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത് കൊണ്ട് വനം വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വനം വകുപ്പ് നിർദേശിച്ചെങ്കിലും അമല അനു എത്തിയില്ല. ഈ സാഹചര്യത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ് നീക്കം തുടങ്ങിയിരുന്നു. വനിതാ വ്ളോഗർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (പുനലൂ‍ർ വനം കോടതി) വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കാട്ടിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അമല അനുവിനെതിരെ വനം വകുപ്പ് കേസെടുത്തത്. റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് കിളിമാനൂർ സ്വദേശി അമല അനു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.വനത്തിൽ അതിക്രമിച്ചു കയറുകയും കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് യൂട്യൂബർക്കെതിരായ കേസ്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ അമല അനുവിനെ കാട്ടാന ഓടിച്ചിരുന്നു.  8 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു.വനത്തിനുള്ളിൽ ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ അമല അനു പകർത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version