ഇരിട്ടി : ഉളിയിൽ സബ് രജിസ്‌ട്രാർ ഓഫീസ് ബുധനാഴ്ച മുതൽ ഇരിട്ടി കീഴൂരിലെ പുതിയ കെട്ടിടത്തിൽ പൂർണ പ്രവർത്തനസജ്ജമാകും.100 വർഷത്തിലധികം പഴക്കമുള്ള ഫലയലുകൾ ഉൾപ്പെടെ എല്ലാ ഫയലുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.പുതിയ ഓഫീസ് ഉദ്ഘാടനം ഒരാഴ്ച മുൻപ് നടന്നെങ്കിലും ഫയലുകൾ എല്ലാം വള്ള്യാട്ടെ വാടകകെട്ടിടത്തിൽനിന്ന് മാറ്റുന്നതിനായി ഓഫീസ് പ്രവർത്തനം ഭാഗികമായാണ് നടത്തിയിരുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1.35 കോടി രൂപയ്ക്കാണ് ഇരിട്ടി-മട്ടന്നൂർ അന്തസ്സംസ്ഥാനപാതയ്ക്കരികിൽ ബഹുനിലകെട്ടിടം പണിതത്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസിൽ 1911 മുതലുള്ള ഫയലുകൾ എല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.പുതിയ ഓഫീസിൽ വിശാലമായ സൗകര്യമുള്ളതിനാൽ ഓരോ കാലഘട്ടത്തിലെയും പ്രധാന ഫയലുകളെല്ലാം കാലക്രമത്തിൽ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഓഫീസിൽ എത്തുന്നവർക്കുള്ള വിശ്രമമുറിയും പാർക്കിങ് സൗകര്യവുമെല്ലാം പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. മഴകാരണം ഫയലുകൾ വാടക കെട്ടിടത്തിൽനിന്ന് പുതിയ ഓഫീസിലേക്ക് മാറ്റുന്നതിനുണ്ടായ കാലതാമസമാണ് ഓഫീസ് പ്രവർത്തനം പൂർണസജ്ജമാകുന്നതിൽ വൈകിയതെന്ന് സബ് രജിസ്ട്രാർ എം.എൻ. ദിലീപൻ പറഞ്ഞു.