തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. എംഎൽഎ ആയിരുന്ന പി.ടി.തോമസ് അന്തരിച്ചതിനെത്തുടർന്നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.പി.ടിയുടെ ഭാര്യയായ ഉമ തോമസ് മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമായ 25,016 വോട്ടിനാണ് വിജയിച്ചത്.2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ തിരുത്തിയത്. പി.ടി.തോമസ് 2016ൽ 11,996 വോട്ടിന്റെയും 2021ൽ 14,329 വോട്ടിന്റെയും ഭൂരിപക്ഷമാണു നേടിയത്. 2019ലെ ലോക്സഭാ തെ രഞ്ഞെടുപ്പിൽ ഹൈബി ഈഡനു തൃക്കാക്കരയിൽ 31,777 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.പതിനഞ്ചാം കേരള നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയാണ് ഉമാ തോമസ്. തൃക്കാക്കരയില്‍ മികച്ച ഭൂരിപക്ഷവുമായാണ് മുന്‍ എംഎല്‍എ പി.ടി.തോമസിന്റെ പ്രിയപത്‌നി നിയമനിര്‍മാണ സഭയിലേക്ക് വരുന്നത്. ഈ സഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എംഎല്‍എയും യുഡിഎഫ് രണ്ടാമത്തെ വനിതാ എംഎല്‍എയുമാണ് ഉമാ തോമസ്. വടകരയില്‍ മത്സരിച്ചു വിജയിച്ച കെ.കെ.രമയാണ് നിലവില്‍ പ്രതിപക്ഷ നിരയിലെ ഏക വനിതാ എംഎല്‍എ.