//
53 മിനിറ്റ് വായിച്ചു

പുതുക്കിയ ഹയർ സെക്കൻററി പരീക്ഷാ മാന്വൽ പുറത്തിറക്കി; റീവാല്യൂവേഷനിൽ കാതലായ മാറ്റം, ഇരട്ട മൂല്യ നിർണയം നടത്താം; വിദ്യാഭ്യാസമന്ത്രി

പുതുക്കിയ ഹയർ സെക്കൻററി പരീക്ഷാ മാന്വൽ പുറത്തിറക്കി.റീവാല്യൂവേഷനിൽ കാതലായ മാറ്റം ഉണ്ടെന്നും, ഇരട്ട മൂല്യ നിർണയം നടത്താമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തീയറി പരീക്ഷ എഴുതിയവർക്ക് പ്രാക്ടിക്കൽ പരീക്ഷ അറ്റൻഡ് ചെയ്‌തില്ലെങ്കിൽ സെ പരീക്ഷയിൽ അവസരം നൽകും. പരീക്ഷാ ജോലി എല്ലാ അധ്യാപകർക്കും നിർബന്ധമാക്കി.ഹയർസെക്കൻററി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു സംശയങ്ങൾക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്കരണമാണ് നടത്തിയിട്ടുള്ളത്. എടുത്തുപറയാവുന്ന പരിഷ്കാരങ്ങൾ ഇവയാണ്.

  1. അക്കാദമിക് ബോഡിയായ SCERT യുടെ ഡയറക്ടറെ പരീക്ഷാബോർഡിൽ അംഗമാക്കിയിട്ടുണ്ട്.
  2. ഹയർ സെക്കൻററി മേഖലയിലെ വിവിധ പരീക്ഷകളെയും അവയുടെ നടത്തിപ്പിനെയും അനുവർത്തിക്കേണ്ടതായ കാര്യങ്ങളെയും സംബന്ധിച്ച് സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.
  3. പരീക്ഷ ജോലികൾക്ക് നിയോഗിക്കപ്പെടുന്ന ഓരോ ഉദ്യോഗസ്ഥരെയും അവരുടെ ചുമതലകളെയും സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
  4. റീവാല്യൂവേഷഷൻ സംബന്ധിച്ച് കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. റീവാല്യൂവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾ ഇരട്ടമൂല്യനിർണയത്തിന് വിധേയമാക്കും. അത്തരത്തിൽ ലഭിക്കുന്ന സ്കോറുകൾ പരമാവധി മാർക്കിൻറെ 10 ശതമാനത്തിൽ താഴെയാണെങ്കിൽ അത്തരത്തിൽ ലഭ്യമായ രണ്ട് സ്കോറുകളുടെയും ശരാശരി ലഭ്യമാക്കും. വ്യത്യാസം 10 ശതമാനമോ അതിൽകൂടുതലോ ആണെങ്കിൽ മൂന്നാമതും മൂല്യനിർണയത്തിന് വിധേയമാക്കുകയും അതിൽ ലഭിക്കുന്ന സ്കോറും ഇരട്ടമൂല്യനിർണയത്തിലൂടെ ലഭിക്കുന്ന സ്കോറുകളുമായി ഏറ്റവും അടുത്തുള്ള സ്കോറിൻറെയും ശരാശരി നൽകുകയും ചെയ്യും. പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന സ്കോർ വിദ്യാർത്ഥിക്ക് ആദ്യം ലഭിച്ച സ്കോറിനെക്കാൾ 1 സ്കോറെങ്കിലും അധികമാണെങ്കിൽ അതു ലഭ്യമാക്കും. കുറവാണെങ്കിൽ ആദ്യം ലഭിച്ചത് നിലനിർത്തുന്നതാണ്.
  5. സ്ക്രൂട്ടിണി നടത്തുമ്പോൾ എല്ലാ ഉത്തരങ്ങളും മൂല്യനിർണയം നടത്തിയിട്ടുണ്ടെന്നും, ഫെയ്സിംഗ് ഷീറ്റിൽ മാർക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കാൽക്കുലേഷൻ ശരിയാണെന്നും ഉറപ്പാക്കുന്നതിന് മാന്വലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
  6. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട അഫിഡവിറ്റ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി നോട്ടറിയിൽ നിന്നുള്ള അഫിഡവിറ്റ് മതിയാകും എന്ന് മാറ്റം വരുത്തിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് ഏറെ ആശ്വാസത്തിന് വക നൽകുന്നതാണിത്.
  7. കംപാർട്ട്മെൻറൽ വിദ്യാർത്ഥികൾക്ക് വിജയിക്കാനാകാത്ത വിഷയങ്ങൾക്ക് ഒന്നാം വർഷമോ രണ്ടാം വർഷമോ കുട്ടിയുടെ താൽപ്പര്യം അനുസരിച്ച് രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതാവുന്നതാണ്. ഒന്നാം വർഷ പരീക്ഷയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ രണ്ടാം വർഷത്തെ ഉയർന്ന സ്കോറും രണ്ടാം വർഷ പരീക്ഷയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഒന്നാം വർഷത്തെ ഉയർന്ന സ്കോറും നിലനിർത്തുന്നതായിരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാനാവാത്ത വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറെ ആശ്വാസത്തിന് വക നൽകുന്നതാണിത് (ഇതുവരെ ഒന്നാം വർഷവും രണ്ടാം വർഷവും നിർബന്ധമായും എഴുതണമായിരുന്നു).
  8. രണ്ടാംവർഷ തീയറി പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് ഏതെങ്കിലും സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ ടി വിദ്യാർത്ഥിക്ക് ടഅഥ പരീക്ഷയിൽ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാവുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനമാണ് ഇത്.
  9. ഹയർ സെക്കൻററി ചോദ്യപേപ്പർ നിർമാണം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. നിലവിൽ എസ് സി ഇ ആർ ടി നൽകുന്ന പാനലിൽ നിന്നാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. ഇത് പലപ്പോഴും അധ്യാപകരെ ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നു. അത് പരിഹരിക്കാനായി ചോദ്യപേപ്പർ നിർമാണത്തിൽ താൽപര്യമുള്ള അദ്ധ്യാപകരുടെ അപേക്ഷ സ്വീകരിച്ച് ഓരോ വിഷയത്തിൻറെയും ചോദ്യപേപ്പർ സെറ്റിംഗിനായി അദ്ധ്യാപകരുടെ ഒരു പൂൾ രൂപീകരിക്കും. അതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ പാനലിൽ നിന്നായിരിക്കും ഇതിനായി അധ്യാപകരെ നിയോഗിക്കുക.
  10. ഹയർ സെക്കൻററി ആരംഭിച്ച കാലത്ത് 150 സ്കോറിനുള്ള പരീക്ഷകളാണ് നടത്തിയിരുന്നത്. ഈ കാലഘട്ടങ്ങളിൽ ഒരു അധ്യാപകൻ ഒരു സെഷനിൽ ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങളിൽ 13 ഉം, ബോട്ടണി, സുവോളജി, മ്യൂസിക് എന്നിവയ്ക്ക് 20 ഉം പേപ്പറുകൾ മൂല്യനിർണയം നടത്തുമായിരുന്നു. എന്നാൽ ഇപ്പോൾ പരമാവധി സ്കോർ 80ഉം 60ഉം ബോട്ടണി, സുവോളജി എന്നിവയ്ക്ക് 30 സ്കോറും ആയി കുറഞ്ഞുവെങ്കിലും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടില്ല. ഇത് കാലോചിതമായി പരിഷ്കരിക്കുന്നതിൻറെ ഭാഗമായി ഉത്തരക്കടലാസുകളുടെ പാക്കിംഗിൽ ഒരു കവറിൽ 13 എന്നുള്ളത് 17 ആയും ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങൾക്ക് 20 എന്നുള്ളത് 25 ആയും ഉയർത്തിയിട്ടുണ്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന് ബോട്ടണി, സുവോളജി, മ്യൂസിക് ഇവ ഒഴികെ 17 ഉം ബോട്ടണി, സുവോളജി, മ്യൂസിക് എന്നിവയ്ക്ക് 25 ഉം ആയി ഉയർത്തിയിട്ടുണ്ട്. മൂല്യനിർണയത്തിലെ കാലതാമസം ഒഴിവാക്കാനും പരീക്ഷാഫലം വേഗത്തിൽ നൽകാനും ഇതുമൂലം സാധിക്കും.
  11. മൂല്യനിർണയ ക്യാമ്പുകളിലെ ഉദ്യോഗസ്ഥരുടെ ഉദ്യോഗപ്പേരിൽ മാറ്റം വരുത്തുകയും ചുമതലകൾ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് ഹയർസെക്കൻററി ഡയറക്ടറേറ്റിൽ ആയിരുന്നു ടാബുലേഷൻ നടന്നിരുന്നത്. പിന്നീട് ജില്ലാതലത്തിൽ പ്രത്യേകം ടാബുലേഷൻ ക്യാമ്പുകൾ ക്രമീകരിച്ചിരുന്നു. നിലവിൽ എല്ലാ മൂല്യനിർണയ ക്യാമ്പുകളിലും ടാബുലേഷൻ സൗകര്യം ഏർപ്പെടുത്തി. ദിവസ വേതനത്തിൽ നിയമിച്ചിരുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് പകരം ഉത്തരവാദിത്തത്തോടെയും രഹസ്യ സ്വഭാവത്തോടെയും ടാബുലേഷനും അനുബന്ധ പ്രവർത്തനങ്ങളും നടത്താനായി ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. പുറമേ ഡബിൾ വാല്വേഷൻ ക്യാമ്പുകളിൽ സ്ക്രിപ്റ്റ് കോഡിംഗിനായി ആവശ്യാനുസരണം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
  12. പരീക്ഷ കഴിഞ്ഞ് സ്കീം ഫൈനലൈസേഷൻ നടത്തി ചോദ്യപേപ്പറും ഉത്തരസൂചികയും പോർട്ടലിൽ പ്രസിദ്ധപ്പെടുത്തും. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഏറെ പ്രയോജനപ്പെടുന്നുണ്ട്. മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അധ്യാപകർ അത് പരിചയപ്പെട്ടുവരുന്നത് മൂല്യനിർണയം കുറ്റമറ്റതാക്കും.
  13. 90 ശതമാനം സ്കോർ വരെ ലഭിക്കുന്നതിനായി ഗ്രേസ് മാർക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഗ്രേസ് മാർക്ക് ലഭ്യമാകുന്ന വിദ്യാർത്ഥികൾക്ക് Grace Mark Awarded എന്ന് മാത്രമാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി നൽകുന്നത്. മിക്കവാറും എല്ലാ സ്ഥാപനങ്ങളും അഡ്മിഷനായി ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ പ്രത്യേകമായി ഗ്രേസ് മാർക്ക് രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റിന് വിദ്യാർത്ഥികൾ ഫീസ് ഒടുക്കി അപേക്ഷിക്കുകയും സർട്ടിഫിക്കറ്റ് വീണ്ടും നൽകേണ്ടിവരുന്നത് ഓഫീസിൽ അധിക ജോലിഭാരവും വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടും സാമ്പത്തികഭാരവും ഉണ്ടാക്കുന്നുണ്ട്. അത് പരിഹരിക്കാനായി സർട്ടിഫിക്കറ്റിൽ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തി നൽകുന്നതാണ്.
  14. പരീക്ഷാ ജോലികൾ എല്ലാ അദ്ധ്യാപകർക്കും നിർബന്ധമാക്കിയിട്ടുണ്ട്. പരീക്ഷാജോലികളിൽ വീഴ്ച വരുത്തുന്ന അദ്ധ്യാപകർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ വിവിധ കോടതികളുടെയും കമ്മീഷനുകളുടെയും നിർദ്ദേശങ്ങൾ കൂടെ പരിഗണിച്ച് മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  15. മാൽ പ്രാക്ടീസ് തടയുന്നതിനുള്ള സമഗ്രമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
  16. പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങളിൽ ലഭ്യമാകുന്ന സ്കോർ സംബന്ധിച്ച് ധാരാളം പരാതികൾ ലഭിക്കാറുണ്ട്. പ്രായോഗിക പരീക്ഷ കുറ്റമറ്റ രീതിയിൽ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധ്യാപകരെ ഉൾപ്പെടുത്തി പ്രാക്ടിക്കൽ പരീക്ഷ മോണിറ്ററിംഗ് സ്ക്വാഡ് രൂപീകരിക്കുന്നതാണ്.
  17. മൂല്യനിർണയ ക്യാമ്പുകളിൽ നിർദ്ദേശാനുസരണം മൂല്യനിർണയം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സി.വി ക്യാമ്പ് മോണിറ്ററിഗ് സ്ക്വാഡും രൂപീകരിക്കുന്നതാണ്.
  18. മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നത്, ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്ഥലപരിമിതി മൂലം പല സ്കൂളുകളും ക്യാമ്പ് നടത്താനുള്ള അസൗകര്യം അറിയിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരമായി മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ ക്യാമ്പുകളിൽ സൂക്ഷിക്കുന്നതിൻറെ കാലാവധി രണ്ട് വർഷത്തിൽ നിന്നും ഒരു വർഷമായി കുറച്ചിട്ടുണ്ട്.
  19. ഹയർ സെക്കൻററി പരീക്ഷാ സംബന്ധമായി ലഭിക്കേണ്ട എല്ലാ സേവനങ്ങളുടെയും പരിഷ്കരിച്ച അപേക്ഷാ ഫോമുകൾ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹയർ സെക്കൻററി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ഏറെ പ്രയോജനപ്രദമായ ഹയർ സെക്കൻററി പരീക്ഷാമാന്വലിൻറെ പരിഷ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാവരെയും പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി അഭിനന്ദിക്കുന്നു. ഈ മാന്വൽ പ്രിൻറ് ചെയ്ത് എല്ലാ ഹയർ സെക്കൻററി സ്കൂളുകൾക്കും പകർപ്പ് ലഭ്യമാക്കുന്നതാണ്.     

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version