/
11 മിനിറ്റ് വായിച്ചു

അനാവശ്യ ഇടപെടലുകളിലൂടെ സി.പി.എം പൊലീസിനെ തകര്‍ത്തു; ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ യു.ഡി.എഫ് എതിര്‍ക്കും:വി ഡി സതീശൻ

സംസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും വര്‍ധിച്ചുവരുന്നത് ആഭ്യന്തരവകുപ്പും പൊലീസ് മേധാവികളും നോക്കി നില്‍ക്കുകയാണെന്നും ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്നത് സി.പി.എം ആണെന്ന രീതിയിലേക്ക് മാറിയിരിക്കുകയാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.ആലപ്പുഴയില്‍ വര്‍ഗീയ പശ്ചാത്തലമുള്ള കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം മറ്റൊരു കൊലപാതകം കൂടി നടന്നു. അത് ഒഴിവാക്കാനുള്ള ഇന്റലിജന്‍സ് സംവിധാനം പൊലീസിനില്ല. അനാവശ്യമായ ഇടപെടലുകള്‍ സി.പി.എം നടത്തുന്നതാണ് പൊലീസിനെ പരിതാപകരമായ ഈ അവസ്ഥയിലെത്തിച്ചത്. ഹൈക്കോടതി നിരന്തരം പൊലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിക്കുകയാണ്. പൊലീസ് ഇത്രമാത്രം വിമര്‍ശനം ഏറ്റുവാങ്ങിയ ഒരു സാഹചര്യം കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഭിമന്യൂ കൊലക്കേസില്‍ ഉള്‍പ്പെട്ട എസ്.ഡി.പി.ഐക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലക്കേസില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് സര്‍ക്കാരാണ്.പൊലീസ് ഇന്റലിജന്‍സ് സംവിധാനം പൂര്‍ണമായും തകര്‍ന്നു. ക്രിമിനല്‍ ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. പാലക്കാട്, പാളയത്ത് ആറു വര്‍ഷമായി ബി.ജെ.പി ഗുണ്ടകള്‍ കോണ്‍ഗ്രസ് നേതാക്കളെ ആക്രമിക്കുകയാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ അന്വേഷിക്കാന്‍ പൊലീസ് തയാറായിട്ടില്ല. രമ്യ ഹരിദാസിനെതിരായ വധഭീഷണിയിലും പൊലീസ് അന്വേഷണം നടത്താന്‍ തയാറായിട്ടില്ല. പൊലീസിനെ സി.പി.എമ്മിന്റെ ജില്ലാ ഏരിയാ ഘടകങ്ങള്‍ നിയന്ത്രിക്കുകയാണ്. അനാവശ്യമായ ഇടപെടലുകളിലൂടെ പൊലീസ് സംവിധാനത്തെ സി.പി.എം ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version