പെരുമഴയുടെ ഭീതിയിൽ ദുരിതാശ്വാസ ക്യാംപുകളിലെത്തിയ മനുഷ്യർക്കുമുണ്ടാകും കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. എളന്തിക്കരയിലെ ഒരു എട്ട് വയസ്സുകാരന്‍റെ ആഗ്രഹം പ്രദേശത്തെ എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് കണ്ടറിഞ്ഞ് നടത്തി.
എളന്തിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വി ഡി സതീശൻ എത്തിയത്. ഓരോരുത്തരെയും കണ്ട് കാര്യങ്ങൾ ചോദിച്ചു.ഇതിനിടെയാണ് അമ്മയുടെ ഓരം ചേർന്നിരുന്ന എട്ട് വയസ്സുകാരൻ വാടിയ മുഖത്തോടെ സ്ഥലം എംഎൽഎ യോട് തന്‍റെ സങ്കടം പറഞ്ഞത്. പേര് ജയപ്രസാദ്. പെരുമഴപെയ്ത്തിൽ തന്‍റെ ഒരു ചെരുപ്പ് ഒഴുകിപ്പോയി. വിഷമിക്കേണ്ട ചെരുപ്പ് റെഡിയാക്കാമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പ്രവർത്തകരോട് ചെരിപ്പ് വാങ്ങി നൽകാൻ നിർദ്ദേശിച്ചു.
എന്നാൽ തനിക്ക് പിന്നിൽ ഒട്ടിപ്പുള്ള ചെരിപ്പ് തന്നെ വേണമെന്ന് ജയപ്രസാദിന് ഒരു കുഞ്ഞു ആഗ്രഹം. എന്നാൽ താൻ തന്നെ ചെരിപ്പ് റെഡിയാക്കാമെന്ന് എംഎൽഎയുടെ ഉറപ്പ്. പ്രദേശത്തുള്ള കടയിലേക്ക് ജയപ്രസാദുമായി എത്തി. ചെരിപ്പ് വാങ്ങി നൽകി. ഒരുമിച്ചൊരു ചായയും കുടിച്ചാണ് പിരിഞ്ഞത്.