//
10 മിനിറ്റ് വായിച്ചു

‘ഓണവുമായി മഹാബലിക്ക് ബന്ധമെന്ത്?’; കേരളം ഭരിച്ചതിന് ചരിത്രപരമായി തെളിവില്ലെന്ന് വി മുരളീധരന്‍

മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന വാദവുമായി ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരൻ. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നർമദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി എന്നും വി മുരളീധരൻ ആരോപിച്ചു.ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയാണ് ഐതിഹ്യം തളളിക്കൊണ്ടുളള കേന്ദ്ര മന്ത്രിയുടെ പരാമർശം.

‘ഓണവുമായുളള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. മഹാബലിയെ കേരളം ദത്തെടുത്തതാകാം. വാമനൻ മഹാബലിക്ക് മോക്ഷം നൽകുകയായിരുന്നുവെന്നാണ് ഐതിഹ്യം പറയുന്നതെന്നും’ വി മുരളീധരൻ കൂട്ടിച്ചേർത്തു. ഇനിമുതൽ ഓണാഘോഷം ആചാരപ്പൊലിമയോടെ നടത്താന്‍ ബിജെപി പ്രചാരണം സംഘടിപ്പിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

തിരുവോണം ഹൈന്ദവ ഉത്സവമാണെന്ന് പ്രചരിപ്പിക്കാനും ആചാരങ്ങള്‍ പാലിക്കണമെന്ന് പ്രചരിപ്പിക്കുന്നതിനും പ്രാധാന്യം നൽകാനായിരുന്നു ബിജെപിയുടെ ലക്ഷ്യം. അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. തിരുവോണ ദിവസം മദ്യവും മാംസവും ഒഴിവാക്കാനും ബിജെപി പ്രചാരണം നടത്തുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

മഹാബലി സങ്കല്‍പ്പത്തിനാണ് ഇപ്പോള്‍ കേരളത്തിലെ ഓണാഘോഷത്തില്‍ മുഖ്യപങ്ക്. ഇത് മാറ്റി വാമനാവതാരവുമായി ബന്ധപ്പെടുത്തി ആഘോഷിക്കാനും വിവാദങ്ങളുണ്ടാവാത്ത തരത്തില്‍ പ്രചാരണ പരിപാടികള്‍ നടത്താനും ബിജെപിക്ക് ലക്ഷ്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. നേരത്തെ തിരുവോണനാളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാമന ജയന്തി ആശംസകൾ നേർന്നത് വിവാദമായിരുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version