നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകേസില്‍ അടിയന്തരപ്രമേയത്തിനായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനും മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. കഴിഞ്ഞ ദിവസം സഭയില്‍ അവതരിപ്പിച്ച കെറെയിലിന്റെ അടിയന്തിര പ്രമേയം ചീറ്റിപോയതാണ് പ്രതിപക്ഷത്തെ അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞതോടെ സഭയിലെ പെരുമാറ്റം പഠിപ്പിക്കാന്‍ യോഗ്യന്‍ ശിവന്‍കുട്ടി തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഇക്കാര്യത്തില്‍ ശിവന്‍കുട്ടി ഗുരുതുല്യനാണെന്നും അദ്ദേഹം പറഞ്ഞു.’സഭയില്‍ വില്ലിലിറങ്ങുന്ന പ്രതിപക്ഷം ഏങ്ങനെ പെരുമാറണമെന്ന് നിര്‍ദേശിക്കാനും അവര്‍ക്ക് ക്ലാസ് എടുക്കാനും ഈ സഭയില്‍ ഏറ്റവും യോഗ്യനായ ആള്‍ മന്ത്രി ശിവന്‍കുട്ടി തന്നെയാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. ഞങ്ങള്‍ അത് സ്വീകരിക്കുന്നു. ഇക്കാര്യത്തില്‍ ഗുരുതുല്ല്യനായിട്ടുള്ളയാളാണ്.’ പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ ഗുരുതുല്ല്യനായി കാണുന്നതില്‍ നന്ദിയെന്നായി ശിവന്‍കുട്ടിയുടെ മറുപടി. ന്യായമായ കാര്യത്തിനാണ് സഭയില്‍ അന്ന് പ്രതിഷേധിച്ചതെന്നും ശിവന്‍കുട്ടി വിശദീകരിച്ചു.