വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരും. കേസിലെ പ്രതി സരിത്തിനോട് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കി. 11 മണിക്ക് തിരുവനന്തപുരം സിബിഐ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. യുണിടാക് എംഡി സന്തോഷ് ഈപ്പനെ കേസില്‍ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷനില്‍ പാര്‍പ്പിട നിര്‍മ്മാണ കരാര്‍ നേടാന്‍ കോഴകൊടുത്തുവെന്ന് നേരത്തെ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ എം ശിവശങ്കര്‍, സ്വപന സുരേഷ് എന്നിവരേയും ചോദ്യം ചെയ്‌തേക്കും.സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.എന്നാല്‍, കേസുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി സിബിഐയ്യോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിബിഐ മുന്നോട്ട് പോകുന്നത്.ലൈഫ് മിഷന്‍ കേസില്‍ തിടുക്കം വേണ്ടെന്ന് സിബിഐക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി വിവരങ്ങള്‍ ഉണ്ടായിരുന്നു. ലൈഫ് മിഷന്‍ കേസില്‍ കോടതിയില്‍ നിന്നും ഇനി തിരിച്ചടിയുണ്ടാകാതെ നോക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം.