സിനിമ താരങ്ങളായ ബാബു രാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരിവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി.
2018ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതിയിലുള്ളത്. സിനിമ റിലീസായ ശേഷം നൽകിയ പണവും ലാഭ വിഹിതവും നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു.
ബാബു രാജിനെ നായകനാക്കി ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കൂദാശ. ക്വട്ടേഷൻ ഗുണ്ടയായിരുന്ന കല്ലൂക്കാരൻ ജോയ് എന്ന കഥാപാത്രമായാണ് ബാബു രാജ് ഈ സിനിമയിലെത്തുന്നത്.