//
11 മിനിറ്റ് വായിച്ചു

വാരണാസി മുസ്ലിം പള്ളി വിവാദം; ഒരാൾ ഹർജി പിൻവലിക്കുമെന്ന് റിപ്പോർട്ട്

വാരണാസി ഗ്യാൻവാപി മുസ്ലിം പള്ളിയ്ക്ക് സമീപത്തുനിന്ന് സ്വസ്തികകൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പള്ളി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഞ്ച് പേരിൽ ഒരാൾ നാളെ ഹർജി പിൻവലിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാഖി സിംഗ് ആണ് ഹർജി പിൻവലിക്കുക. ഇതിനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. ബാക്കി നാല് പേർ ഹർജിയുമായി മുന്നോട്ടുപോകും.അതേസമയം, പള്ളിക്കുള്ളിൽ ക്ഷേത്രം ഉണ്ടായിരുന്നെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ പറഞ്ഞു. പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന അമ്പലത്തിൻ്റെ അടയാളങ്ങളൊക്കെ പള്ളി അധികൃതർ നീക്കം ചെയ്തു. പള്ളിയുടെ അകത്ത് സർവേ നടത്തിയാൽ പുരാതന ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ ലഭിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഒരു സർവേയ്ക്കിടെ പള്ളിക്കരികെ നിന്ന് രണ്ട് സ്വസ്തികകൾ കണ്ടെത്തിയത്. ശനിയാഴ്ച ആയിരുന്നു സംഭവം. തുടർന്ന് പ്രതിഷേധം ഉയർന്നതിനു പിന്നാലെ സർവേ നിർത്തിവച്ചു. നിറം മങ്ങിയ രണ്ട് സ്വസ്തികകളാണ് കണ്ടെത്തിയതെന്നും പുരാതന കാലത്ത് സ്ഥാപിച്ചതാവാം ഇവയെന്നും സർവേ നടത്തിയവർ പറഞ്ഞു.പള്ളിയുടെ മതിലിനരികെ നിന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും അതുകൊണ്ട് ഇവിടെ പ്രാർത്ഥന നടത്താൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ചില യുവതികൾ വാരണാസി ജില്ലാ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതിയുടെ ഉത്തരവനുസരിച്ച് സർവേ നടത്തുകയായിരുന്നു.അതേസമയം, മറ്റൊരു കോർട്ട് കമ്മീഷണറെ നിയമിക്കുന്നതുവരെ സർവേ നടത്തരുതെന്ന് പള്ളിക്കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തീരുമാനം ആകുന്നതുവരെ സർവേ നടത്തില്ലെന്ന് അധികൃതർ പറഞ്ഞു. തങ്ങളെ അകത്തേക്ക് കയറാൻ അനുവദിക്കാതെ നൂറോളം മുസ്ലിം യുവാക്കൾ പള്ളിക്ക് ചുറ്റും അണിനിരന്നു. അതുകൊണ്ട് തന്നെ ബാക്കി സർവേ നടന്നില്ലെന്നും അധികൃതർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!