/
14 മിനിറ്റ് വായിച്ചു

വര്‍ക്കല തീപ്പിടിത്തം;തീപടര്‍ന്നത് കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന്;നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വർക്കലയില്‍ വീട്ടിലേക്ക് തീപടര്‍ന്നത് കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന്. സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലേക്ക് വീണതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തീപ്പൊരി ഉണ്ടായി അഞ്ച് മിനിട്ടിന് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. തുടര്‍ന്ന് അതിശക്തമായി തീ വീടിനകത്തേക്ക് കയറുകയായിരുന്നു. തീപ്പിടിത്തത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇന്നലെയാണ് തീപിടുത്തത്തില്‍ വര്‍ക്കലയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചത്. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാവിലെ ഇലട്രിക് പരിശോധനാ വിഭാഗം ഉദ്യോഗസ്ഥ സംഘം തീപ്പിടത്തമുണ്ടായ വർക്കല അയന്തിയിലെ രാഹുൽ നിവാസിലെത്തി മീറ്റർ ബോക്സും വയറിംഗും വിശദമായി പരിശോധിച്ചിരുന്നു. സർക്യൂട്ട് ബ്രേക്കറിന് കാര്യമായി നാശം സംഭവിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധ ഫലവും വീട്ടിനുള്ളിലെ നശിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണ്ണായകമാണ്. രണ്ട് ദിവസത്തിൽ ഇക്കാര്യങ്ങൾ ലഭിക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനി പറഞ്ഞു.തീപ്പിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഹുലിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കൾ അറിയിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹത്തിന്‍റെ മൊഴിയും നിർണ്ണായകമാകും. മരിച്ച അഞ്ച് പേരുടെ സംസ്കാരം നാളെ പതിനൊന്ന് മണിയോടെ നടത്താനാണ് ആലോചന. അഭിരാമിയുടെ അച്ഛൻ വിദേശത്തു നിന്ന് നാട്ടിൽ എത്തിയതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിന്‍റെ ഞെട്ടലിലാണ് ഒരു നാട് മുഴുവനും.തീപ്പിടിത്തമുണ്ടായ വീടിന് ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അസ്വഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് നിഗമനം. രാത്രി ഒന്നരക്ക് തീപ്പിടിത്തമുണ്ടാകുന്നത് കണ്ടെത്തിയ നാട്ടുകാർക്ക് വീട്ടിനുള്ളിലേക്ക് കയറാൻ കഴിഞ്ഞില്ല. വീടിൻെറ ഗേറ്റ് അകത്തുനിന്നും പൂട്ടിയിരുന്നു. വലിയൊരു വളർത്തു നായെയും അഴിച്ചുവിട്ടിരുന്നു. അതിനാൽ പെട്ടെന്ന് നാട്ടുകാർക്ക് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. നാട്ടുകാർ ബഹളുമുണ്ടാക്കിയിട്ടും വീട്ടിലുള്ളവ‍ർ ഉണരാത്തതിനാൽ നിഹുലിനെ അയൽവാസി ഫോണിൽ വിളിച്ചുണർത്തുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version