///
14 മിനിറ്റ് വായിച്ചു

12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇന്ന് മുതൽ വാക്സീൻ; 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്; സംസ്ഥാനം പൂർണ്ണ സജ്ജം

ന്യൂഡൽഹി: രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ ഇന്ന് മുതൽ നൽകി തുടങ്ങും. അറുപതുവയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർഡോസ് വാക്സിനും ഇതോടൊപ്പം നൽകും. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് നിർമ്മിക്കുന്ന കോർബിവാക്‌സ് വാക്‌സിനാണ് പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള കുട്ടികൾക്ക് നൽകി തുടങ്ങുക. 2008, 2009, 2010 എന്നീ വർഷങ്ങളിൽ ജനിച്ച കുട്ടികൾക്കാണ് കൊവിഡ് വാക്സിൻ നൽകുന്നത്. കൊവിൻ ആപ്പിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയോ രജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ നടത്താം.നിലവിൽ 15 നും അതിനും മുകളിൽ പ്രായമുള്ളവർക്കുമാണ് രാജ്യത്ത് വാക്‌സിൻ നൽകുന്നത്. സ്കൂളുകൾ പഴയ രീതിയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്സീൻ നൽകാനാണ് കേന്ദ്രത്തിൻറെ തീരുമാനം. കോർബിവാക്‌സ് ഉൾപ്പടെ മൂന്ന് വാക്സീനുകൾക്കാണ് നിലവിൽ 12 വയസ്സിന് മുകളിലുള്ളവരിൽ കുത്തിവെക്കാൻ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്സീൻ എന്നിവയാണ് മറ്റ് രണ്ട് വാക്സീനുകൾ. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ തുടങ്ങിയത്. ഈ വിഭാഗത്തിലെ അർഹരായ മുഴുവൻ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേർ വാക്സീനേഷൻ പൂർത്തിയാക്കി.മറ്റ് അസുഖങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ് ഇതുവരെ കരുതൽ ഡോസ് നൽകിയിരുന്നത്. ഈ നിബന്ധന നീക്കിയാണ് അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സീൻ നൽകുന്നത്.

അറുപത് വയസ്സിന് മുകളിലുള്ളവരിലെ കരുതൽ ഡോസിൻറെ വിതരണവും ഇന്ന് തുടങ്ങും. രണ്ട് കോടി പേരാണ് രാജ്യത്ത് ഇതുവരെ കരുതൽ ഡോസ് സ്വീകരിച്ചത്. 10.25 ലക്ഷം ഡോസ് കോർബിവാക്‌സ് സംസ്ഥാനത്ത് ലഭ്യമായി. കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷൻ 87 ശതമാനവുമായി. 15 മുതൽ 17 വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്‌സിനേഷൻ 78 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷൻ 44 ശതമാനവുമായി. കരുതൽ ഡോസ് വാക്‌സിനേഷൻ 48 ശതമാനമാണ്.12 മുതൽ 14 വയസുവരെ 15 ലക്ഷത്തോളം കുട്ടികൾ വാക്സിൻ എടുക്കാൻ ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കുട്ടികൾക്കായുള്ള 10,24,700 ഡോസ് കോർബിവാക്‌സ് വാക്‌സിൻ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെയാണ് വാക്‌സിൻ ലഭ്യമായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version