/
14 മിനിറ്റ് വായിച്ചു

വിസി നിയമനം: കാനത്തിന്റെ പ്രസ്താവന പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളുടെ സാക്ഷ്യപത്രം, അടുത്ത ആഴ്ച ലോകായുക്തയ്ക്ക് പരാതി നൽകും: ചെന്നിത്തല

കണ്ണൂർ സർവകലാശാല വിസി നിയമനം സംബന്ധിച്ച കാനം രാജേന്ദ്രന്റെ പ്രസ്താവന പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളുടെ സാക്ഷ്യപത്രമാണെന്നും വിഷയത്തിൽ അടുത്ത ആഴ്ച ലോകായുക്തയ്ക്ക് പരാതി നൽകുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർവകലാശാലകൾ സിപിഎം നേതാക്കൾക്കും ബന്ധുക്കൾക്കും ജോലി നൽകുന്ന സ്ഥാപനങ്ങളായി മാറരുതെന്ന് പറഞ്ഞ ചാൻസിലറും പ്രോ വൈസ് ചാൻസിലറും തമ്മിൽ എന്ത് ഡിപ്ലോമാറ്റിക് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. മുൻ വിസിക്ക് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെടാൻ മന്ത്രി ബിന്ദുവിന് കത്ത് എഴുതാൻ നിയമപരമായി അവകാശമില്ലെന്നും കത്തെഴുതിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യം ചെയ്ത മന്ത്രി രാജിവെക്കണമെന്നും ഇതിന് ഉത്തരം പറയാൻ മന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശശി തരൂർ മുഴുസമയ രാഷ്ട്രീയ പ്രവർത്തകനല്ലെന്നും അതിനാൽ പല കാര്യങ്ങളിലും സ്വതന്ത്ര അഭിപ്രായങ്ങളുണ്ടാകുമെന്നും കെ റെയിലിൽ പാർട്ടിയും മുന്നണിയും തീരുമാനമെടുത്തത് ഒറ്റക്കെട്ടായാണെന്നും രമേശ് ചെന്നിത്തല. യുഡിഎഫ് എംപി കെ റെയിലിനെതിരെ സമർപ്പിച്ച നിവേദനത്തിൽ ശശി തരൂർ ഒപ്പിടാത്തതിനെ സംബന്ധിച്ചാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. തിരുവനന്തപുരം വിമാനത്താവള പ്രശ്‌നത്തിൽ തരൂരിന്റെ നിലപാട് ശരിയാണന്ന് തെളിഞ്ഞുവെന്നും വിമാനത്താവളം അദാനിക്ക് നൽകിയ കാര്യത്തിൽ മുഖ്യമന്ത്രി പോലും ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് ഭരണകാലത്ത് നിലവിലെ റെയിൽ പാതയിൽ ഹൈ സ്പീഡ് റെയിൽ ആവിഷ്‌കരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ കൺസൾട്ടൻസി നിയമനത്തിൽ അഴിമതിയുണ്ടെന്നും റിയൽ എസ്റ്റേറ്റ് കച്ചവടമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിന് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കൂടുതൽ ഇളവ് നൽകണമെന്നും കാനന പാതയിലൂടെ പ്രവേശനം അനുവദിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് അസൗകര്യങ്ങൾ ഉണ്ടാക്കരുതെന്നും നിലവിൽ ഇഴഞ്ഞ് നീങ്ങുന്ന ശബരിമല മാസ്റ്റർ പ്ലാൻ വേഗതയിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ”സാമ്പത്തിക പ്രതിസന്ധി മൂലം ദേവസ്വം ബോർഡിന് ഫലപ്രദമായി പ്രവർത്തിക്കാറാവുന്നില്ല കൂടുതൽ ഫണ്ട് നൽകണം. കൂടുതൽ ഇളവുകൾ നൽകിയാൽ കൂടുതൽ തീർഥാടകർ എത്തും. നെയ് അഭിഷേകത്തിന്റെ നിയന്ത്രണം നീക്കണം” -ചെന്നിത്തല പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version