///
22 മിനിറ്റ് വായിച്ചു

‘അതിനകത്ത് ഒരു പരിഹാസമുണ്ടല്ലോ, ആ രീതിയില്‍ കണ്ടാല്‍ മതി’; ‘ഒറിജിനല്‍ ക്യാപ്റ്റന്‍’ വിളിയില്‍ വി ഡി സതീശന്‍

ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന ‘ഒറിജിനല്‍ ക്യാപ്റ്റന്‍’ വിളിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളുടെ പുറകേ പോകുന്ന ആളല്ല താന്‍. അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കേണ്ടതില്ല. ആ ക്യാപ്റ്റന്‍ വിളിയില്‍ ഒരു പരിഹാസമുണ്ട്. അത് അങ്ങനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കൂട്ടായ നേതൃത്വമാണ് ഉണ്ടായിരുന്നത്. അതിന്റെ ഏകോപനം നടത്തുക മാത്രമായിരുന്നു താന്‍ ചെയ്തത്. പോരാളികള്‍ എല്ലാവരും ക്യാപ്റ്റന്മാരല്ല. മുന്നണി പോരാളികളില്‍ ഒരാള്‍ മാത്രമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിളിക്കുന്നത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കുന്നതിന് വേണ്ടിയുളള ചിലരുടെ ശ്രമങ്ങളാണെന്നും താന്‍ അതിനെ പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൂട്ടായ വിജയമാണ് തൃക്കാക്കരയിലേതെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു. ഇതിന് ശേഷവും ജെബി മേത്തര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ വി ഡി സതീശനെ ഒറിജിനല്‍ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു.

വി ഡി സതീശന്റെ വാക്കുകള്‍:

വംശീയ അധിക്ഷേപമൊന്നും ആരും നടത്തിയിട്ടില്ല. സിപിഐഎം അല്ലേ അദ്ദേഹത്തിന് തിരുതാ തോമസ് എന്ന് പേരിട്ടത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന കാലത്ത് ആരെങ്കിലും അദ്ദേഹത്തെ ആ പേര് വിളിച്ചിട്ടുണ്ടോ. അന്ന് അദ്ദേഹത്തെ അങ്ങനെ വിളിച്ചത്, ഇന്ന് അദ്ദേഹത്തെ ചുവന്ന ഷാളിട്ട് സ്വീകരിച്ച സിപിഐഎമ്മുകാരല്ലേ. എത്രയോ സിപിഐഎമ്മുകാര്‍ അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിച്ച് പ്രസംഗിച്ചിട്ടുണ്ട്. അന്നൊന്നും അത് വംശീയ അധിക്ഷേപമല്ലേ. അത് ആളുകള്‍ കളിയാക്കി വിളിക്കുന്നതാണ്. അതില്‍പ്പോലും എനിക്ക് യോജിപ്പില്ല. പുറകേ നടന്ന് വേട്ടയാടുന്നത് ശരിയല്ല, അത് നടത്തരുത് എന്നാണ് എനിക്ക് യുഡിഎഫ്- കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെടാനുള്ളത്.വ്യാജ വീഡിയോയെക്കുറിച്ച് സിപിഐഎമ്മുകാര്‍ കൂടി അന്വേഷിക്കുന്നുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. കാരണം, ഇത് ചെയ്തത് അവര്‍ തന്നെയാണെല്ലോ. ഞങ്ങളങ്ങനെ സെമി കേഡര്‍ ശൈലിയിലേക്ക് മാറിയിട്ടില്ല. സെമി കേഡര്‍ ഞങ്ങളുടെ ലക്ഷ്യമാണ്. സിയുസിയൊക്കെ രൂപീകരിച്ച് ഞങ്ങള്‍ ആ സ്വപ്‌നത്തിലേക്ക് പോവുകയാണ്. അതിലൊരു നല്ല സ്‌റ്റെപ്പാണ്. ഇവിടെയൊരു അച്ചടക്കം ഉണ്ടായിരുന്നു. പഴുതുകള്‍ അടച്ച് ചെയ്യാനായി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ സഹപ്രവര്‍ത്തകരും സാധാരണ പ്രവര്‍ത്തകരും അതോടൊപ്പം നിന്നു. അത് തന്നെയാണ് വിജയം. നമ്മള്‍ ഒന്ന് ആഗ്രഹിക്കുകയും അവര്‍ വേറെ വഴിക്ക് പോവുകയും ചെയ്താല്‍ ഒന്നും നടക്കില്ല.ഒരാള്‍ക്കൂട്ടമായി മാറരുത് പാര്‍ട്ടി. അതാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അതിലേക്കുള്ള സ്റ്റെപ് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നതേയുള്ളൂ. അത് സ്വല്പം സമയമെടുക്കും. അത് ഭംഗിയായി നമ്മള്‍ ചെയ്യും. സമൂഹ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളൊന്നും പ്രചരിപ്പിക്കേണ്ട. ഞാന്‍ അത്തരം കാര്യങ്ങളുടെ പുറകേ പോകുന്ന ഒരാളല്ല. എന്റെ മിഷന്‍ വേറെയാണ്. ഇത് തിരിച്ചുകൊണ്ടുവരിക എന്നതാണ് എന്റെ മിഷന്‍. അതിനകത്ത് ഒരു പരിഹാസമുണ്ടല്ലോ.ആ രീതിയില്‍ കണ്ടാല്‍ മതി അത്. കൂട്ടായ നേതൃത്വമാണ് ഉണ്ടായിരുന്നത്, അതിന്റെ ഏകോപനം നടത്തുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പടയില്‍ മുന്നണി പോരാളിയാണ്. പടപ്പുറപ്പാട് നടത്തുമ്പോള്‍ ഞാന്‍ മുന്നിലുണ്ട്. ഞാന്‍ ഓടി പിറകോട്ട് പോകില്ല.പിന്നില്‍ നിന്നും വെടിയേറ്റും മരിക്കില്ല. പോരാളികള്‍ എല്ലാം ക്യാപ്റ്റന്മാരാണോ, അല്ലല്ലോ. മുന്നില്‍ നിന്ന് പോരാടുന്ന ഒരുപാട് പോരാളികളില്‍ ഒരാളാണ് ഞാന്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version