കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആക്രമണത്തെ മുഖ്യമന്ത്രി തന്നെ അപലപിച്ചിട്ടുണ്ട്. തന്റെ ഓഫീസുമായി ബന്ധമുള്ള ആള്‍ ആക്രമണത്തില്‍ പങ്കെടുത്തു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.മാധ്യമങ്ങളിലൂടെയാണ് വിഷയം ശ്രദ്ധയില്‍ പെട്ടത്. അന്വേഷിച്ച് വേണ്ട നടപടി എടുക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അവിഷിത്ത് കെ ആറും കേസില്‍ പ്രതിയാണ്. നിലവില്‍ അവിഷിത്ത് പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ ആക്രമണം നടന്നതിന് ശേഷം സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കൊപ്പം വൈകിയാണ് അവിഷിത്ത് സംഭവ സ്ഥലത്തെത്തിയതെന്നാണ് സിപിഐഎം നേതാക്കള്‍ വിശദീകരിക്കുന്നത്.ആരോഗ്യകാരണങ്ങള്‍ ചൂണ്ടികാട്ടി അവിഷിത്ത് ഈ മാസം ആദ്യം ആരോഗ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നും ഒഴിഞ്ഞുവെന്നും നേതാക്കള്‍ പറയുന്നു.
ഓഫീസ് അക്രമിച്ച സംഭവത്തില്‍ ഇതിനകം 25 പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അത് ആദ്യം അറസ്റ്റ് ചെയ്ത 19 പേരെ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്ന് അവിഷിത്ത് പ്രതികരിച്ചു. ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്എഫ്‌ഐയുടെ വിഷയമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായ അവിഷിത് ഫേസ്ബുക്കില്‍ കുറിച്ചു.’സമരത്തിലെ അനിഷ്ട സംഭവങ്ങള്‍ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ. വയനാട് എംപിക്ക് സന്ദര്‍ശനത്തിന് വരാനുള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം.’ എന്നും അവിഷിത്ത് വിമര്‍ശിച്ചു.
അവിഷിത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം-
‘എസ്എഫ്ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം എസ്എഫ്ഐ ക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്എഫ്ഐ യുടെ കൂടെ വിഷയമാണ്..സമരത്തില്‍ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ..ഇപ്പോള്‍ വയനാട് എംപി വീണ്ടും 3 ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എംപി ക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം.. ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും..’