മരിച്ചവരുടെ പേരിലും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ചോരുന്നുവെന്ന സംശയത്തില്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കാര്‍ഡുകളില്‍ പരിശോധന നടത്തുന്നു. റേഷന്‍ കാര്‍ഡ് ഉടമയുടെ ഫോണില്‍ വിളിച്ചായിരിക്കും ആദ്യ പരിശോധന. സംശയം തോന്നിയാല്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ വീടുകളിൽ എത്തി പരിശോധിക്കും. മരിച്ചവരുടെ മൊബൈല്‍ ഫോണ്‍ നമ്പരുകൾ ബന്ധുക്കളോ മറ്റാരെങ്കിലുമോ കൈക്കലാക്കി ഒടിപി നമ്പർ ഉപയോഗിച്ച് റേഷന്‍ വാങ്ങുന്നു എന്നാണ് ഒന്നാമത്തെ സംശയം.
റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ മറ്റാരെങ്കിലും ഒടിപി നമ്പർ ഇല്ലാതെ മാനുവലായി റേഷന്‍ വാങ്ങുന്നുവെന്നും സംശയിക്കുന്നു. റേഷന്‍ കടകളില്‍ എത്താന്‍ കഴിയാത്ത കിടപ്പ് രോഗികള്‍ക്ക് റേഷന്‍ വാങ്ങി നല്‍കാന്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്താവുന്ന പ്രോക്സി സംവിധാനമുണ്ട്. കാര്‍ഡുടമ മരിച്ച ശേഷവും പ്രോക്സി സംവിധാനം ഉപയോഗിച്ച് ഇപ്പോഴും റേഷന്‍ കൈപ്പറ്റുന്നു എന്നാണ് മറ്റൊരു സംശയം. ആദ്യ ഘട്ടത്തില്‍ എ.എ.വൈ, പി.എച്ച്.എച്ച് ഒറ്റ അംഗ കാര്‍ഡുകളാണ് പരിശോധിക്കുന്നത്. എ.എ.വൈ കാര്‍ഡിന് 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. ഒറ്റ അംഗ പി.എച്ച്.എച്ച് കാര്‍ഡിന് അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കും.