ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. കർണാടക സ്വദേശിയാണ് മാർഗരറ്റ് ആൽവ. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
17 പാർട്ടികളാണ് പവാറിന്റെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. അതേസമയം, തൃണമൂലിന്റെ പ്രതിനിധികളാരും എത്തിയിരുന്നില്ല. എന്നാൽ തൃണമൂൽ ഉൾപ്പെടെ 19 പാർട്ടികളുടെ പിന്തുണ മാർഗരറ്റ് ആൽവയ്ക്ക് ഉണ്ടാകുമെന്ന് ശരദ് പവാർ പറഞ്ഞു. നേരത്തെ പ്രതിപക്ഷ സ്ഥാനാർത്ഥികൾക്കൊപ്പം നിലയുറപ്പിക്കുകയും പിന്നീട് ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത പാർട്ടികളും ശരദ് പവാർ വിളിച്ച യോഗത്തിൽ എത്തിയിരുന്നു.