ആളൂർ പീഡനക്കേസിലെ പ്രതി സി.സി ജോൺസന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിൽ സർക്കാരിനെതിരെ വിമർശവുമായി ഒളിംപ്യൻ മയൂഖ ജോണി. പീഡിപ്പിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യപ്പെടുന്ന പാവം ഇരകൾക്ക് സൗജന്യനിരക്കിൽ കയറും വിഷവും നൽകാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ മയൂഖ ജോണി പറഞ്ഞു. ആളൂർ പീഡനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് മുൻകൈയെടുത്ത കേരള പൊലീസിനും കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ വക്കീലിനും അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും അവർ പരിഹസിച്ചു. സുപ്രീംകോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ ദയനീയമായ പ്രകടനവും പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള നിശ്ശബ്ദതയും അങ്കലാപ്പും കാണേണ്ടതായിരുന്നുവെന്നും മയൂഖ വിമർശിച്ചു. കോടതി ചോദിക്കുന്നതുപോലും മനസ്സിലാകാത്ത തരത്തിലുള്ള വാദവും ഉത്തരവും പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ സഹായകരമായി. പൊലീസ് എഴുതിക്കൊടുത്ത റിപ്പോർട്ട് പോലും കോടതിയിൽ ഒന്ന് വായിച്ചുകേൾപ്പിക്കുക പോലും ചെയ്തില്ല. ഉന്നതമായ കോടതിയിൽ സംസ്ഥാനത്തെയും കേരളാ പൊലീസിനെയും പ്രതിനിധീകരിക്കുന്നയാൾക്ക് സ്ത്രീപീഡന കേസുകളിലുള്ള ഇടതുസർക്കാരിന്റെ നയമെന്താണെന്ന് വിവരിക്കുന്ന ഒരു കുറിപ്പ് ബന്ധപ്പെട്ടവർ അയച്ചുകൊടുക്കണമെന്നും അവർ പറഞ്ഞു.