സാമൂഹ്യ വിരുദ്ധര്‍ കാര്‍ അടിച്ചു തകര്‍ത്തതോടെ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ഇപ്പോഴത്തെ യാത്ര സ്‌ക്കൂട്ടറിലും ബസിലും ഓട്ടോയിലുമൊക്കെയാണ്. ബജറ്റ് അവതരണ ദിനമായ ഇന്ന് അദ്ദേഹം നിയമ സഭയിലെത്തിയത് സ്‌ക്കൂട്ടറിലാണ്. കാര്‍ റിപ്പയര്‍ ചെയ്തില്ലേയെന്ന് ചോദിക്കുമ്പോള്‍ ‘ആറ് വര്‍ഷമല്ലേ ആയിട്ടുള്ളൂ കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. സ്‌ക്കൂട്ടര്‍ ആവുമ്പോള്‍ ട്രാഫിക്കിലും പെടില്ല. മഴ വരുമ്പോള്‍ തൊട്ടടുത്ത കടയില്‍ കയറി അഞ്ച് രൂപയുടെ പ്ലാസ്റ്റിക് കാരി ബാഗ് വാങ്ങി തലയില്‍ കെട്ടും.’ എന്നായിരുന്നു എംഎല്‍എയുടെ മറുപടി.കെപിസിസി സെക്രട്ടറി ആയിരുന്ന കാലത്തും അത് തന്നെയാണ് ചെയ്തിരുന്നതെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബസില്‍ സൗജന്യ യാത്രയാണെങ്കിലും എംഎല്‍എയാണെന്ന് കണ്ടക്ടറോട് പറയാന്‍ മടിച്ച് ടിക്കറ്റ് എടുത്താണ് വരുന്നത്.പിന്നീട് മറ്റ് യാത്രക്കാര്‍ പറയുന്ന സമയത്താണ് ‘അയ്യോ..എംഎല്‍എ ആയിരുന്നോ. ടിക്കറ്റ് വേണ്ടിയിരുന്നില്ലല്ലോ’യെന്ന് കണ്ടക്ടര്‍മാര്‍ അബദ്ധം മനസിലാക്കി തിരുത്തുന്നത്. അപ്പോഴും ടിക്കറ്റ് മടക്കി നല്‍കില്ല.ബൈക്കിലും ഓട്ടോയിലും യാത്ര ചെയ്യുമ്പോള്‍ പലരും ചോദിക്കുന്നത് ഇത്രയും ലാളിത്യം വേണ്ടതുണ്ടോയെന്നാണ്. അവര്‍ക്കുള്ള മറുപടിയും എംഎല്‍എയുടെ പക്കലുണ്ട്. ‘ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ല. എംഎല്‍എ ആയതിന് ശേഷമാണ് ആദ്യമായി വാഹനം വാങ്ങിയത്. എട്ട് ലക്ഷം രൂപ വായ്പ കൂടിയെടുത്ത് ആദ്യവാഹനം വിറ്റാണ് രണ്ടാമത് കാര്‍ വാങ്ങുന്നത്. നിലവില്‍ ഒരു പുതിയ വാഹനം വാങ്ങുന്നതിനുള്ള സാഹചര്യമില്ല. സുഹൃത്തുക്കള്‍ വാഹനം ഓഫര്‍ ചെയ്യാറുണ്ട്. എന്നാല്‍ അത് അവര്‍ക്കൊരു അസൗകര്യമല്ലേ. ആറ് വര്‍ഷം ആയിട്ടല്ലേയുള്ള കാര്‍ വാങ്ങിയിട്ട്. അന്ന് കാറില്‍ യാത്ര ചെയ്യുന്നതിന്റെ അസൗകര്യവും ഉണ്ടായിരുന്നു.’എംഎല്‍എയുടെ വാഹനം അടിച്ച് തകര്‍ക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായി നാല് ദിവസം കഴിഞ്ഞാണ് ആക്രമണം ഉണ്ടാവുന്നത്. കാര്‍ നിലവില്‍ വര്‍ക്ക്‌ഷോപ്പിലാണ്. പത്ത് ദിവസത്തില്‍ കൂടി എടുക്കും അത് പഴയനിലയിലായി കിട്ടാന്‍. സംഭവത്തില്‍ ഉച്ചക്കട സ്വദേശി സന്തോഷിനെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എംഎല്‍എ ഓഫീസിന് മുമ്പില്‍ നിറുത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ത്തത്. ഈ സമയം ഓഫീസില്‍ എംഎല്‍എ ഉണ്ടായിരുന്നു. കസ്റ്റഡിയിലായ സന്തോഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞില്ല, മുല്ലപ്പെരിയാര്‍ ഡാം പൊട്ടാതിരിക്കാന്‍ നടപടി എടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിയുടെ ആക്രമണം. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്പിച്ചത്.