വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ ശക്തികൾ തുടരുന്ന കലാപനീക്കങ്ങളെ വെള്ളപൂശാനും കഴിഞ്ഞ നാലുമാസമായി അങ്ങേയറ്റത്തെ സംയമനത്തോടെ ജനാധിപത്യപരമായി വിഷയം കൈകാര്യം ചെയ്യുന്ന ഇടതുസർക്കാരിനെ പ്രതിക്കൂട്ടിൽ കയറ്റാനും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ നടത്തുന്ന വില കുറഞ്ഞ ജൽപനങ്ങൾ പ്രബുദ്ധകേരളം അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
വിഴിഞ്ഞത്തെ സംഭവവികാസങ്ങളെ കുറിച്ച സാമാന്യബുദ്ധിയും സ്വബോധവുമുള്ള ഏതൊരാൾക്കും വ്യക്തമായ ധാരണയുണ്ട്. അതിന് സുധാകരന്റെ ദുർവ്യാഖ്യാനമോ തരം താഴ്ന്ന വിശകലനമോ ആവശ്യമില്ല. തുറമുഖ വകുപ്പ് മന്ത്രിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ജൽപനങ്ങൾ ശുദ്ധ അസംബന്ധവും ജന്മനാലുള്ള വർഗീയ മനോഗതിയുടെ പ്രതിഫലനവുമാണ്. പ്രശ്നത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
ആർ.എസ്.എസിന് സദാ പാദസേവ ചെയ്യുന്ന സുധാകരനിൽനിന്ന് വർത്തമാന കേരളം അന്തസ്സാർന്ന നിലപാടോ കഴമ്പുള്ളൊരു പരാമർശമോ പ്രതീക്ഷിക്കുന്നില്ല. വിഴിഞ്ഞത്ത് പൊലിസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടതിനെ പോലും ന്യായീകരിക്കാൻ ശ്രമിക്കുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ വിപദ്കരമായ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന് മറ്റു കോൺഗ്രസ് നേതാക്കളും മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളും വ്യക്തമാക്കേണ്ടതുണ്ട്. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് തുടക്കം കുറിച്ച വിഴിഞ്ഞം പദ്ധതി ബഹുദൂരം മുന്നോട്ടുപോയ ഈ ഘട്ടത്തിൽ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളോടൊപ്പം കോൺഗ്രസ് കൈകോർക്കുമ്പോൾ അതിന്റെ പിന്നിലെ ദുഷ്ടലാക്ക് കണ്ടെത്താൻ പ്രയാസമില്ല. വിമോചന സമരത്തിന്റെ അനാഥ പ്രേതമാണ് വിഴിഞ്ഞത്ത് അലഞ്ഞുതിരിയുന്നത്. കെ. സുധാകരനെ പോലുള്ളവരെ എളുപ്പത്തിൽ അത് പിടികൂടിയതിൽ അദ്ഭുതമില്ലെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.