സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കൂടുതല്‍ ശബ്ദ രേഖ പുറത്ത്. വിസ്മയ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദ രേഖയാണ് പുറത്ത് വന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ മര്‍ദിക്കാറുണ്ടെന്നും താന്‍ പേടിയോടെയാണ് വീട്ടില്‍ കഴിയുന്നതെന്നും വിസ്മയ സുഹൃത്തിനോട് പറയുന്നുണ്ട്.
പുറത്ത് ശബ്ദ സംഭാഷണത്തിന്റെ പൂര്‍ണരൂപം-
സുഹൃത്ത്- സ്ത്രീധനത്തിന്റെ കാര്യം ആണോ
വിസ്മയ-ഉം അതെ
സുഹൃത്ത്-അവന് ഇനിയും മതിയായില്ലേ…എഴുപത് പവനാണോ 100 പവനാണോ കൊടുത്തത്.
വിസ്മയ-കൊറോണ സമയം ആയതോണ്ട് അന്ന് എഴുപത് പവനേ കൊടുക്കാന്‍ പറ്റിയൂള്ളൂ. ഒരു കാറും കൊടുത്തു. ഇപ്പോ അതും പോര. പത്ത് പതിമൂന്ന് ലക്ഷം രൂപയുടെ കാറും കൊടുത്തു. ഒരു സര്‍ക്കാര്‍ ജോലിക്കാരന് ഇതിലും കൂടുതല്‍ കിട്ടൂന്നാ പറയുന്നേ-
സുഹൃത്ത്-ഏതായിരുന്നു കാര്‍
വിസ്മയ-ടൊയോട്ട യാരിസ്.. ഇതാന്നും അല്ല. ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഇതൊന്നുമല്ല കിട്ടുന്നത് എന്നൊക്കയാ പറയുന്നത്. അത് മാത്രമല്ല..ഞാന്‍ എപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അവന് സമാധാനം കിട്ടണേ, സമാധാനം കിട്ടണേയെന്ന. അമ്മ സത്യം. ഒന്ന് മുഖം മാറിയ അപ്പോ എനിക്ക് ടെന്‍ഷനാ. കാരണം എനിക്ക് പേടിയാ.
സുഹൃത്ത്- നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്
വിസ്മയ-എനിക്ക് അടിയൊക്കെ കിട്ടാറുണ്ട്. അടി കിട്ടുന്നത് കൊണ്ട് എനിക്ക് പേടിയാ. അടിക്കോ എന്നൊക്കെ…
കേസില്‍ ഇന്ന് കിരണ്‍കുമാറിന്റെ ശിക്ഷ വിധിക്കാനിരിക്കെയാണ് ശബ്ദ സംഭാഷണം പുറത്ത് വരുന്നത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പ്രതി കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷക്ക് വേണ്ടിയാകും ഇന്നത്തെ പ്രോസിക്യൂഷന്‍ വാദം. പ്രതി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതും മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയാത്ത ക്രൂരതയാണ് കിരണ്‍ ചെയ്തതെന്നും നാളെ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദം ഉയര്‍ത്തും. അതേസമയം, പ്രതിയുടെ പ്രായക്കുറവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും, കുടുംബത്തെ പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന വാദവുമായിരിക്കും പ്രതിഭാഗം കോടതിയിലുയര്‍ത്തുക.