കുവൈത്തിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ രൂപപ്പെട്ട ഉപരിതല ന്യൂനമർദവും ഈർപ്പമുള്ള അന്തരീക്ഷവുമാണ് മഴ പെയ്യാൻ കാരണം. ചൊവ്വാഴ്ച മുതൽ ശക്തി പ്രാപിക്കുന്ന മഴ ബുധനാഴ്ച രാവിലെ വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അന്തരീക്ഷ താപനില പകല്‍ സമയങ്ങളില്‍ 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി സമയങ്ങളില്‍ 11 മുതല്‍ ആറ് ഡിഗ്രി വരെയുമായി കുറയാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം മണിക്കൂറിൽ 70 കിലോമീറ്ററിലധികം വേഗതയിൽ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.