സിൽവർ ലൈനിൽ സർക്കാരിന് ആശ്വാസമായി ഭൂവുടമകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. സാമൂഹികാഘാത പഠനം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ബൃഹത്തായ പദ്ധതികളുടെ സർവേ തടയാനാകില്ല. ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസ്സ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.സർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സുപ്രീംകോടതി വിമർശിച്ചു. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സർവേ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.ഭൂനിയമ പ്രകാരവും സർവെ ആൻഡ് ബോർഡ് ആക്ട് പ്രകാരവും സർക്കാരിന് സർവെ നടത്താൻ അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. ഇത് ചോദ്യം ചെയ്താണ് ഹർജി നൽകിയത്. സർവേ നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. കെ റെയിൽ എന്നെഴുതിയ കല്ലിടാൻ അനുമതിയുണ്ടോ എന്നായിരുന്നു ഹൈക്കോടതി ചോദിച്ചിരുന്നത്. എന്തടിസ്ഥാനത്തിലാണ് കല്ലിടുന്നത്. മുൻകൂട്ടി അനുമതിയില്ലാതെ വീടുകളിൽ കയറുന്നത് നിയപരമല്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.