കോട്ടൂളിയില്‍ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു. കോട്ടൂളി മീമ്പാലക്കുന്നില്‍ നാട്ടിലേക്കിറങ്ങിയ കാട്ടുപന്നികളെയാണ് ഇന്നലെ വെടിവെച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്.രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളള്‍ക്ക് വെടിവെച്ച് കൊല്ലാം എന്ന സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നിരുന്നു.അതേസമയം, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെയിവെക്കാന്‍ അധികാരം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് അവ്യക്തതകള്‍ മാറ്റി പരിഷ്‌കരിക്കാനൊരുങ്ങുകയാണ് വനം വകുപ്പ്. വെടിവയ്ക്കാന്‍ അനുമതി തേടുന്നത് മുതല്‍ ജഡം സംസ്‌കരിക്കുന്നതില്‍ വരെ അവ്യക്തതകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. അപേക്ഷ പരിഗണിച്ച് ശല്യക്കാരായ പന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടിറിക്കും അനുമതി നല്‍കുന്നതായിരുന്നു ഉത്തരവ്.
എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതി വാങ്ങാന്‍ അപേക്ഷ നല്‍കുന്നത് എങ്ങനെയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. പന്നിയെ വെടിവയ്ക്കുന്നവര്‍ക്ക് വേതനം നല്‍കുന്നത് സംബന്ധിച്ചും ഉത്തരവില്‍ പ്രതിപാദിക്കുന്നില്ല.ഉത്തരവിൽ പന്നിയുടെ ജഡം എങ്ങനെ സംസ്‌കരിക്കണമെന്ന് പറയുന്നിണ്ടെങ്കിലും ഇതിന്റെ ചെലവ് വഹിക്കേണ്ടത് ആരാണെന്ന് വ്യക്തമായി പറയുന്നില്ല. ജഡം ശാസ്ത്രീയമായി സംസ്‌കരിക്കാൻ അയ്യായിരം രൂപയോളം ചെലവ് വരും. കഴിഞ്ഞ മാസമാണ് കാട്ടുപന്നിയെ കൊല്ലാന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉത്തരവായി വനംവകുപ്പ് പുറപ്പെടുവിച്ചത്. ജീവനും സ്വത്തിനും നാശം വരുത്താന്‍ ജനവാസ മേഖലകളിലെത്തുന്ന കാട്ടുപന്നിയെ അനുയോജ്യ മാര്‍ഗങ്ങളിലൂടെ കൊല്ലാം. ഇതിനായി പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍, കോര്‍പറേഷന്‍ മേയര്‍ എന്നിവരെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായും, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിക്കുമെന്നാണ് ഉത്തരവ്.കാട്ടുപന്നിയെ വിഷം, സ്‌ഫോടക വസ്തുക്കളുടെ പ്രയോഗം, വൈദ്യുതി ഷോക്ക് എന്നീ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കൊല്ലുന്നവയുടെയും സംസ്‌കരിക്കുന്ന ജഡങ്ങളുടെയും വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി തയ്യാറാക്കിയ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം എന്നീ മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. കാട്ടുപന്നിയെ കൊല്ലാനും സംസ്‌കരിക്കാനും ജനജാഗ്രത സമിതികളുടെ സേവനം ഉപയോഗിക്കാമെന്നും ഉത്തരവിലുണ്ട്.