തിരുവനന്തപുരം : പാറശ്ശാല സ്വദേശിയായ ഷാരോൺ രാജ് എന്ന യുവാവിനെ വിഷം കൊടുത്തുകൊന്ന കേസിലെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറേണ്ടതുണ്ടോ എന്നതിൽ ഇപ്പോഴും അവ്യക്തത. നിലവിലെ അന്വേഷണ സംഘം അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. കേസ് തമിഴ്നാട് പൊലീസിന് കൈമാറേണ്ടതുണ്ടോയെന്നത് സംബന്ധിച്ചാണ് നിയമോപദേശം ആരാഞ്ഞത്. വിഷം നൽകിയതടക്കമുള്ള കുറ്റകൃത്യം നടന്നതും തെളിവ് നശിപ്പിച്ചതുമെല്ലാം തമിഴ്നാട്ടിൽ വെച്ചാണ്. എന്നാൽ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരിക്കുന്നത്. ഇക്കാരണങ്ങളാലാണ് കേസ് ആരന്വേഷിക്കണമെന്നതിൽ അവ്യക്തത തുടരുന്നത്.
തമിഴ്നാട് പൊലീസിന് കൈമാറുന്നതാകും കൂടുതൽ ഉചിതമെന്നാണ് തിരുവനനന്തപുരത്തെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നേരത്തെ നിയമോപദേശം നൽകിയത്. കൊലപാതകത്തിന്‍റെ ആസൂത്രണവും തെളിവ് നശിപ്പിക്കലും തമിഴ്നാട്ടിൽ നടന്നതിനാല്‍ പ്രതികള്‍ കുറ്റപത്രം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് നേരത്തെ ലഭിച്ച നിയമപദേശം.
ഷാരോണിനിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയും മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിൽ വെച്ചാണ്. മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കേസെടുത്തത് പാറാശാല പൊലീസുമാണ്. കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. ഇതോടെയാണ് അന്വേഷണ സംഘം അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്.
പാറശ്ശാല ഷാരോൺ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളിൽ ആരോ കയറിയെന്ന് സംശയം. കേസന്വേഷണത്തിന്‍റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. പൊലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. തമിഴ്നാട് പൊലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന.