/
13 മിനിറ്റ് വായിച്ചു

പ്രസവത്തിന് ശേഷം യുവതി മരിച്ച സംഭവം: അമിത രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം

പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം . വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ചികിത്സാപിഴവിനെ തുടർന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഐശ്വര്യയുടെ കുഞ്ഞ് പ്രസവത്തോടെ മരിച്ചിരുന്നു.

സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോർട്ട് സമ‍ർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. യുവജന കമ്മീഷൻ അംഗം ടി മഹേഷാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഐശ്വര്യ ഇന്നും നവജാത ശിശു ഇന്നലെയുമാണ് മരിച്ചത്. കുഞ്ഞിന്റെയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡ‍ോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തത്.

ആറ് ദിവസം മുമ്പാണ് 25 കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സിസേറിയൻ വേണമെന്നായിരുന്നു ഡോക്ടർമാർ ആദ്യം അറിയിച്ചത്.പിന്നീട് സാധാരണ പ്രസവം മതിയെന്നായി. കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ട് റിപ്പോർട്ട്.

ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ആശുപത്രിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version