ആധുനിക സമൂഹത്തിൽ വർധിച്ചു വരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാൻ സ്ത്രീ സമൂഹം മുന്നോട്ട് വരണമെന്ന് എം.ജി.എം പാനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനിത സമ്മേളനം ആവശ്യപ്പെട്ടു. വർത്തമാന കാലത്തെ സാമൂഹിക തിന്മകളായ മയക്ക് മരുന്ന്, മദ്യം, ലിബറലിസം, കുടോത്രം, മാരണം, നരബലി തുടങ്ങിയവയിൽ നിന്നും മനുഷ്യമനസ്സിനെ മാറ്റിയെടുക്കാൻ സ്ത്രീ സമൂഹം തയാറാവണം.
വർധിച്ചു വരുന്ന തിന്മകളിൽ നിന്നും സമൂഹത്തെ മോചിപ്പിച്ച് വിശുദ്ധ പ്രമാണങ്ങളിലൂടെ സമുദായത്തെ പരിവർത്തിപ്പിച്ചു കൊണ്ടുവരാൻ സാധിക്കണമെന്നും എം.ജി.എം സമ്മേളനം ആഹ്വാനം ചെയ്തു. കണ്ണൂർ കോർപറേഷൻ ഡപ്യൂട്ടി മേയർ കെ. ശബീന ശക്കീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ പ്രഫ.കെ.കെ. മറിയം അൻവാരിയ്യ അധ്യക്ഷത വഹിച്ചു.
സമ്മേളന പ്രമേയമായ നവലോകത്തിന് നന്മയുടെ സ്ത്രീത്വം എന്ന വിഷയം എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. ആയിശ ഏഴോം അവതരിപ്പിച്ചു. ഇസ്ലാമിലെ സ്ത്രീ: കാലവും കരുതലും എന്ന വിഷയത്തിൽ മോട്ടിവേഷൻ സ്പീക്കർ മുഹ്സിന പത്തനാപുരം, സ്ത്രീ: കുടുംബം രക്ഷാകർതൃത്വം സമൂഹം വെല്ലുവിളികൾ പരിഹാരങ്ങൾ എന്ന വിഷയത്തിൽ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സംസ്ഥാന റിസോഴ്‌സ് പേഴ്സൺ സാബിറ ചർച്ചമ്പലപ്പള്ളി എന്നിവർ ക്ലാസെടുത്തു.
വെളിച്ചം, ബാല വെളിച്ചം വിജയികൾക്കുള്ള ഉപഹാരം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീൻ പാലക്കോടും പ്രതിഭാ പുരസ്കാരം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജയും വിതരണം ചെയ്തു.
സമാപന സമ്മേളനത്തിൽ കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായിൽ കരിയാട്, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി പേരാമ്പ്ര എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കെ.എം. സുലൈഖ, ജന്ന അനസ്, വാർഡ് മെമ്പർ കെ. സുനിത, കെ.എൻ.എം ജില്ല സെക്രട്ടറി ഡോ. അബ്ദുൽ ജലീൽ ഒതായി, ശരീഫ എൻ, അമീന ടീച്ചർ, ഹസീന ചമ്പാട്, നിദ റമീസ് എന്നിവർ പ്രസംഗിച്ചു.
അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാൻ സ്ത്രീ സമൂഹം മുന്നോട്ട് വരണം -എം.ജി.എം
Image Slide 3
Image Slide 3