കണ്ണൂർ: സമാധാനത്തിനും അഹിംസയ്ക്കും വേണ്ടിയുള്ള ലോക മാർച്ചിന്റെ കേരള സന്ദർശനത്തിന്റെ മുന്നോടിയായി നഗരത്തിൽ “സ്ത്രീകൾ യുദ്ധത്തിനും സംഘർഷത്തിനും ” എന്ന സന്ദേശമുയർത്തി വനിതാ സമാധാന റാലിയും വനിതാ സംഗമവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ റാലി ഫ്ലാഗ് ഓഫ് ചെയ്തു. യുദ്ധത്തിന്റെയും അക്രമങ്ങളുടെയും പ്രധാന ഇരകൾ സ്ത്രീകളും കുട്ടികളുമാണെന്നും അതിനാൽ അവർ തന്നെയാണ് പ്രതിരോധവുമായി മുന്നിട്ടിറങ്ങേണ്ടെതെന്നും പി പി ദിവ്യ പറഞ്ഞു.
മഹാത്മാ മന്ദിരത്തിൽ നടന്ന വനിതാ സംഗമം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലറും സി ഡി എസ് ചെയർപേഴ്‌സണുമായ വി. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. ടി.ഡി. വിഷ്ണുപ്രിയ സ്വാഗതവും രമാജി നമ്പ്യാർ നന്ദിയും പറഞ്ഞു.
കൃഷ്ണമേനോൻ വനിതാ കോളേജ്, കോളേജ് ഓഫ് കൊമേഴ്‌സ്, ഗവർണമെന്റ് സ്പോർട്സ് സ്‌കൂൾ വിദ്യാർഥിനികളും കുടുംബശ്രീ പ്രവർത്തകരും റാലിയിൽ അണിനിരന്നു.