ഇന്ന് സ്വീഡനോട്
കുതിക്കുമോ ജപ്പാൻ
വനിതാ ഫുട്ബോൾ ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ ജപ്പാന് ഇന്ന് സ്വീഡിഷ് പരീക്ഷണം. അവസാന എട്ടിൽ ഇരുടീമുകളും മുഖാമുഖമെത്തുമ്പോൾ ആക്രമണവും പ്രതിരോധവും തമ്മിലുള്ള പോരാട്ടമാകും കാണാനാകുക. ഏഷ്യൻ കരുത്തരായ ജപ്പാന്റെ ആക്രമണക്കളിക്ക് പ്രതിരോധംകൊണ്ട് മറുപടി പറയാനാണ് സ്വീഡന്റെ ഒരുക്കം.
ജപ്പാൻ ഗ്രൂപ്പുഘട്ടത്തിൽ മൂന്ന് കളിയിൽ 11 ഗോളാണ് തൊടുത്തത്. ഒരെണ്ണംപോലും വഴങ്ങിയില്ല. പ്രീ ക്വാർട്ടറിൽ നോർവെയെ 3–-1ന് മറികടന്നു.
ചാമ്പ്യൻമാരായ അമേരിക്കയെ ഷൂട്ടൗട്ടിൽ തീർത്താണ് സ്വീഡൻ ക്വാർട്ടർ ഉറപ്പാക്കിയത്. ഗ്രൂപ്പുഘട്ടത്തിൽ മൂന്ന് കളിയും ജയിച്ചു.
അമേരിക്കയെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയതിനുപിന്നിൽ ഗോൾ കീപ്പർ സെസിറ മുസോവിച്ചിന്റെ മിടുക്കായിരുന്നു. ലിൻഡ്സെ ഹൊറാൻ, ട്രിനിറ്റി റോഡ്മാൻ, സോഫിയ സ്മിത്ത്, അലെക്സ് മോർഗൻ തുടങ്ങിയ അമേരിക്കയുടെ ലോകോത്തര നിരയെയാണ് മുസോവിച്ച് തടഞ്ഞത്.
അഞ്ച് ഗോളുമായി ഒന്നാമതുള്ള ഹിനാറ്റ മിയാസാവയാണ് ജപ്പാന്റെ കുതിപ്പിന് ചുക്കാൻപിടിക്കുന്നത്. ഗോളി മുസോവിച്ചും ഗോളടിക്കാരി മിയാസാവയും തമ്മിലായിരിക്കും പ്രധാന പോരാട്ടം.
നെതർലൻഡ്സ് x സ്–പെയ്ൻ
യൂറോപ്യൻ പോര്
വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് യൂറോപ്യൻ പോരാട്ടം. നിലവിലെ റണ്ണറപ്പായ നെതർലൻഡ്സും ആദ്യമായി ക്വാർട്ടറിൽ കടന്ന സ്പെയ്നും തമ്മിലാണ് കളി. ഡച്ചുകാർ ആധികാരികമായിട്ടാണ് ക്വാർട്ടറിലെത്തിയത്. ചാമ്പ്യൻമാരായ അമേരിക്ക ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് ഒന്നാംസ്ഥാനക്കാരായി നോക്കൗട്ടിലേക്ക് മുന്നേറി. പ്രീ ക്വാർട്ടറിൽ ദക്ഷിണാഫ്രിക്കയെ രണ്ട് ഗോളിന് മറികടന്നു.
സ്പെയ്ൻ ഗ്രൂപ്പുഘട്ടത്തിൽ ജപ്പാനോട് തോറ്റെങ്കിലും പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ 5–-1ന് തകർത്താണ് അവസാന എട്ടിലേക്ക് മുന്നേറിയത്.
മധ്യനിരയിലാണ് ഇരുടീമുകളുടെയും കരുത്ത്. അയ്താനെ ബൊൻമാട്ടിയാണ് സ്പെയ്നിന്റെ ശക്തി. പ്രീ ക്വാർട്ടറിൽ ഇരട്ടഗോൾ തൊടുത്ത ഇരുപത്തഞ്ചുകാരി ഡച്ചിനെതിരെയും തിളങ്ങുമെന്നാണ് സ്പെയ്നിന്റെ പ്രതീക്ഷ. ഈ ലോകകപ്പിൽ മൂന്ന് ഗോൾ ആകെ നേടി. രണ്ടെണ്ണത്തിന് അവസരവുമൊരുക്കി.
ജിൽ റൂർദാണ് ഡച്ചിന്റെ കുന്തമുന. നാല് ഗോളാണ് ലോകകപ്പിൽ അടിച്ചത്. അതിലൊരെണ്ണം അമേരിക്കയ്ക്കതിരെ. പ്രീ ക്വാർട്ടറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇരുപത്താറുകാരി ലക്ഷ്യം കണ്ടു. കഴിഞ്ഞ പതിപ്പിന്റെ ഫൈനലിൽ അമേരിക്കയോടാണ് ഡച്ചുകാർ തോറ്റത്.