മെൽബൺ
വനിതാ ഫുട്‌ബോളിലെ പുതിയ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് നാളെ മെൽബണിൽ തുടക്കം. അമേരിക്കയാണ് വനിതാ ഫുട്‌ബോളിലെ നിലവിലെ ജേതാക്കൾ. ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ് ആതിഥേയർ. ആദ്യകളിയിൽ നാളെ ഇന്ത്യൻ സമയം പകൽ 12.30ന് ന്യൂസിലൻഡും നോർവെയും തമ്മിൽ ഏറ്റുമുട്ടും. പകൽ 3.30ന് ഓസ്‌ട്രേലിയ റിപ്പബ്ലിക് ഓഫ് അയർലൻഡിനെയും നേരിടും. നാലുതവണ ജേതാക്കളായ അമേരിക്കയാണ് സാധ്യതയിൽ മുന്നിൽ.
സൂപ്പർതാരങ്ങളുടെ മുഖാമുഖംകൂടിയാണ് ഈ ലോകകപ്പ്. അമേരിക്കയുടെ മേഗൻ റാപിനോ, അലെക്‌സ് മോർഗൻ, ബ്രസീൽ ഇതിഹാസം മാർത്ത, സ്‌പാനിഷ് സൂപ്പർതാരം അലെക്‌സിയ പുറ്റെല്ലസ്, ഓസ്‌ട്രേലിയയുടെ സാം കെർ, ഡെൻമാർക്കിന്റെ പെർണില്ലെ ഹാർഡെർ, നൈജീരിയൻതാരം അസിസാത് ഒഷോയല, ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസ്, കെയ്‌റ വാൽഷ്, നോർവെയുടെ ആദ ഹെഗെർബെർഗ് തുടങ്ങിയവരെല്ലാം ഈ ലോകകപ്പിനെത്തുന്ന സൂപ്പർതാരങ്ങളാണ്. ഇതിൽ റാപിനോയ്‌ക്കും മാർത്തയ്‌ക്കും ഇത് അവസാന ലോകകപ്പാണ്.