പയ്യന്നൂര്‍:ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തോടനുബന്ധിച്ച് ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമിയുടെ നേതൃത്വത്തില്‍ അഞ്ച് വനിതകള്‍ കായല്‍ ക്രോസിംങ്ങ് നടത്തി. കവ്വായി കായലിൻ്റെ ഭാഗമായുള്ള ഒരു കിലോ മീറ്ററോളം വിസ്തൃതിയുള്ള രാമന്തളി ഏറന്‍ പുഴയാണ് യുവതികള്‍ നീന്തിക്കടന്നത്.
ജൂലൈ 25 ലോക മുങ്ങിമരണ നിവാരണ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായാണ് നീന്തല്‍ പഠിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പ്രതിവര്‍ഷം 3500 മുതല്‍ 4000 വരെ ജിവനുകളാണ് ജല അപകടങ്ങളില്‍ പൊലിയുന്നതെന്നും എല്ലാവരും സ്വയരക്ഷക്കും പരരക്ഷക്കുമായി നീന്തല്‍ പഠിച്ചാല്‍ ഒരു പരിധി വരെ ജല അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നും പരിപാടിക്ക് നേതൃത്വം നല്‍കിയ നീന്തല്‍ പരിശീലകന്‍ ചാള്‍സണ്‍ ഏഴിമല പറഞ്ഞു. കായല്‍ നീന്തിക്കയറിയെത്തിയ വനിതകളെ രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് വി.ഷൈമ അനുമോദിച്ചു.
പെരളശ്ശേരിയിലെ ഷൈജീന, പാപ്പിനിശേരി കരിക്കിന്‍ കുളത്തെ രാഖി, ചക്കരക്കല്ലിലെ ദില്‍ഷാ സിജില്‍, കടമ്പൂരിലെ അപര്‍ണാ പ്രവീണ്‍, മുഴപ്പിലങ്ങാട് സ്വദേശി വിന്‍ഷാ ശരത് എന്നിവരാണ് ബോധവല്‍ക്കര കായല്‍ ക്രോസിങ്ങില്‍ പങ്കെടുത്തത്. ഇവരുടെ സുരക്ഷക്കായി ലൈഫ് ഗാര്‍ഡുകളുമുണ്ടായിരുന്നു. 2021 ഏപ്രിലില്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയതിലൂടെയാണ് ലോക മുങ്ങിമരണ നിവാരണ ദിനാചരണം ആചരിക്കാൻ തുടങ്ങിയത്.