18 മിനിറ്റ് വായിച്ചു

അപകടം വിതച്ച് യമുന ; ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

ന്യൂഡൽഹി
പ്രളയജലം പിന്മാറാതെ തുടരുന്ന യമുനാ നദിയിലെ ജലനിരപ്പ്‌ അപകടനിലയ്‌ക്ക്‌ മുകളിൽ തുടരുന്നു. 206.44 മീറ്ററാണ്‌ നിലവിൽ ജലനിരപ്പ്‌. രണ്ടാഴ്‌ച കഴിഞ്ഞിട്ടും ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌.  യമുനയുടെ പോഷകനദിയായ ഹിൻഡണിന്റെ തീരത്തെ താഴ്‌ന്ന പ്രദേശങ്ങൾക്ക്‌ പ്രളയ മുന്നറിയിപ്പ്‌ നൽകി. അതിനിടെ  നോർത്ത് ഡൽഹിയിലെ കിരാരിയിലെ  കെട്ടിടത്തിന്റെ വെള്ളക്കെട്ടുള്ള ബേസ്‌മെന്റിൽ മൂന്നുവയസ്സുകാരൻ മുങ്ങിമരിച്ചു. കളിക്കാനായി പുറത്തിറങ്ങിയ കുട്ടി ഗോവണിയിൽനിന്ന്‌ കാൽതെറ്റി വീഴുകയായിരുന്നു.

മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ തിങ്കളാഴ്‌ച മായാപുരിയിലെ ജലശുദ്ധീകരണ പ്ലാന്റിലെ ജല എടിഎമ്മുകൾ ഉദ്‌ഘാടനം ചെയ്‌തു. ഒരാൾക്ക്‌ ദിവസം 20 ലിറ്റർ ശുദ്ധജലം ഇവിടെനിന്നുനല്‍കും.. അതിനിടെ ഹിമാചൽ, ഹരിയാന , ഉത്തരാഖണ്ഡ്, സംസ്ഥാനങ്ങൾക്ക്‌ പുറമേ പഞ്ചാബിലും അടുത്ത രണ്ടുദിവസം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്രമഴ മുന്നറിയിപ്പ്‌ നൽകി. ഹിമാചലിലെ ഏഴുജില്ലകളിൽ ഓറഞ്ച്‌ അലർട്ടാണ്‌. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്‌, ആൻഡമാൻ, ഒഡിഷ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുമെന്നാണ്‌ പ്രവചനം.

മധ്യപ്രദേശിൽ 
8 കുട്ടികൾ 
മുങ്ങിമരിച്ചു
കനത്ത മഴ തുടരുന്ന മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിൽ എട്ട്‌ കുട്ടികൾ മുങ്ങിമരിച്ചു. സിയോനിയിൽ ധോബിസാര ഗ്രാമത്തിലെ വീടിന് സമീപമുള്ള കുളത്തിൽ നാല്‌ ആൺകുട്ടികൾ മുങ്ങിമരിച്ചു. ഭിന്ദ്‌ ജില്ലയിലെ കിച്ചോൾ ഗ്രാമത്തിലെ കുളത്തിൽ കുളിക്കുന്നതിനിടെ 11ഉം 14ഉം വയസ്സുള്ള ആൺകുട്ടികൾ മുങ്ങിമരിച്ചു. ഗ്രാമവാസികൾ കുട്ടികളെ  സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.

ബദരീനാഥ്‌ 
ഹൈവേയുടെ 
100 മീറ്റർ ഒഴുകിപ്പോയി
കനത്ത മഴയെ തുടർന്ന് കാമേരയിലെ ഗൗച്ചർ-–-ബദരീനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗം ഒലിച്ചുപോയി. അടുത്ത രണ്ടു മൂന്ന് ദിവസത്തേക്ക് പാത അടച്ചിടുമെന്ന്‌ അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണി നടത്തി പാത എത്രയും വേഗം ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്‌. ഗൗച്ചറിനടുത്തുള്ള ഭട്ട്‌നഗറിൽ റോഡിന്റെ ഒരു ഭാഗവും തകർന്നിട്ടുണ്ട്‌. റോഡരികിൽ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു.

ജുനഗഡ്‌ മേൽപ്പാലത്തിൽ സിംഹം
കനത്ത മഴയ്ക്കിടയിൽ ഗുജറാത്ത്‌ ജുനഗഡ്‌ മേഖലയിലെ മേൽപ്പാലത്തിലൂടെ സിംഹം നടക്കുന്ന ദൃശ്യങ്ങൾ വൈറലായി. വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡിലൂടെ സിംഹം ശാന്തനായി നടക്കുന്നതാണ്‌ ദൃശ്യങ്ങളിലുള്ളത്‌. മുൻ ക്രിക്കറ്റ് താരം സാബ കരീമാണ്‌ വീഡിയോ പങ്കുവച്ചത്‌.

കനത്ത മഴയെ തുടർന്ന്‌ സിംഹം സ്വന്തം ആവാസവ്യവസ്ഥയിൽനിന്ന്‌ പുറത്തുകടക്കാൻ നിർബന്ധിതനായതാകാമെന്നും വെള്ളപ്പൊക്ക ബാധിത മേഖലകൾ വൈകാതെ സാധാരണ നിലയിലെത്തുമെന്ന്‌ പ്രതീക്ഷിക്കാമെന്നും സാബ കരീം കുറിപ്പിട്ടു. ജുനഗഡിൽ കനത്ത വെള്ളപ്പൊക്കത്തിൽ നിരവധി കന്നുകാലികളും വാഹനങ്ങളും ഒലിച്ചുപോയി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!