///
13 മിനിറ്റ് വായിച്ചു

ഓട്ടോയിൽ ടൂർ പോകാം; വയനാട്ടിൽ ടുക്ക്, ടുക്ക് ടൂർ വരുന്നു

കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും യാത്രികരുടെ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സീസണിൽ വയനാട്ടിലേക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ആളുകളാണ് എത്തിയത്. വിഖ്യാതമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പുറമെ പ്രാദേശികമായ സ്ഥലങ്ങളും ഇപ്പോൾ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. അതുകൊണ്ടുതന്നെ ഉൾനാടുകളുടെ മനോഹാരിത അറിയാനായി എത്തുന്ന സഞ്ചാരികളും കൂടുതലാണ്. ഇത്തരം ടൂറിസ്റ്റുകളെ സഹായിക്കാനായി പുതിയ പദ്ധതിയുമായി രംഗത്തെത്തുകയാണ് വയനാട് ജില്ലാ ഭരണകൂടം. ഓട്ടോറിക്ഷയിൽ സഞ്ചാരികളെയുംകൊണ്ട് ഉൾനാടുകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന ടുക്ക് ടുക്ക് ടൂർ എന്ന പദ്ധതിയാണ് വയനാട്ടിൽ അവതരിപ്പിക്കുന്നത്.

വലിയ വാഹനങ്ങൾ എത്താത്ത ഉൾനാടുകളിലേക്ക് സഞ്ചാരികൾക്ക് ഓട്ടോറിക്ഷയിൽ എത്താൻ സഹായിക്കുന്നതാണ് പുതിയ പദ്ധതി. പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ടൂറിസം മേഖലയില്‍ പരിശീലനം നല്‍കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സഞ്ചാരികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന് പുറമേ ടൂറിസം സാധ്യതകള്‍ ഓട്ടോറിക്ഷാ തൊഴിലാളികളിലേക്കും എത്തിക്കുക കൂടിയാണ് ടുക്ക്, ടുക്ക് വയനാട് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ടൂറിസം രംഗത്ത് വലിയ കുതിപ്പാണ് ഈ സീസണിൽ വയനാട് ജില്ല കൈവരിച്ചത്. ഇതിന്‍റെ നേട്ടങ്ങൾ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഉത്തരവാദിത്വ ടൂറിസം മേഖലയിലേക്കുള്ള ഒരു കാല്‍വെപ്പ് കൂടിയായിരിക്കും ഇത്. ടുക്ക്, ടുക്ക് വയനാട് എന്ന ഈ പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളിലെ ഓട്ടോ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

ഏറ്റവും കൂടുതൽ സഞ്ചാരികള്‍ എത്തുന്ന വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ എന്നീ പഞ്ചായത്തുകളിലെ ഓട്ടോ ജീവനക്കാര്‍ക്കാണ് ആദ്യം പരിശീലനം നൽകുന്നത്. ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിൽ ദേശീയ വിനോദ സഞ്ചാര ദിനമായ ജനുവരി 25നാണ് പരിശീലന പരിപാടി ആരംഭിക്കുന്നത്. ശേഷിക്കുന്ന പഞ്ചായത്തുകളിലും പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version