//
20 മിനിറ്റ് വായിച്ചു

സുബൈർ വധം: കാർ സഞ്ജിത്തിന്റേത് തന്നെയെന്ന് ഭാര്യ, രണ്ടാമത്തെ കാറും കണ്ടെത്തി

പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോ​ഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ തന്നെയെന്ന് ഭാര്യ അർഷിക. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാർ വർക്ക്ഷോപ്പിലായിരുന്നു. എന്നാൽ ആരാണ് കാർ ഉപയോ​ഗിക്കുന്നതെന്ന് അറിയില്ലെന്നും അർഷിക  പറഞ്ഞു.സഞ്ജിത്ത് മരിക്കും മുമ്പ് കാർ കേടായിരുന്നു. അത് നന്നാക്കാൻ വർക്ക്ഷോപ്പിൽ നൽകി. പിന്നീട് തിരികെ വാങ്ങിയിരുന്നില്ലെന്നും ഏത് വർക്ക്ഷോപ്പിലെന്നറിയില്ലെന്നും അർഷിക പറയുന്നു. ഭർത്താവിന്റെ മരണം ഏൽപ്പിച്ച മുറിവിൽ നിന്നും മോചിതയായിട്ടില്ല.അതിനിടെയാണ് പുതിയ സംഭവവികാസങ്ങളെന്നും അർഷിക കൂട്ടിച്ചേർത്തു.അതേസമയം സുബൈറിലെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്‌ നിന്ന് കാർ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം തിരിച്ചുവരുമ്പോഴാണ് എസ്ഡിപിഐ പ്രവർത്തകനായ സുബൈറിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

 

അതേസമയം സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്. ഇതേതുടര്‍ന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സുബൈറിന്റെ നീക്കങ്ങള്‍ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.ഇന്ന് രാവിലെ പത്ത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. ഉച്ചയോടെ വിലാപയാത്രയായി സ്വദേശമായ എലപ്പുള്ളി പാറയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിക്കും.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധയിടങ്ങളിലായി പരിശോധനകള്‍ തുടരുകയാണ്. പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നല്‍കുന്ന സംഘത്തില്‍ മൂന്ന് സിഐമാരുണ്ട്. പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ പ്രത്യേക സംഘത്തിന് പുറത്തുനിന്ന് സഹായം നല്‍കും. കൊലയാളി സംഘത്തില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.കഴിഞ്ഞ നവംബറില്‍ കൊല്ലപെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍ എങ്ങനെ അക്രമികളുടെ കൈവശം എത്തി എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തൃശൂര്‍ റെയ്ഞ്ച് ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ പാലക്കാട് എസ്പി ഓഫിസില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജില്ലയിലുടനീളം സുരക്ഷ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version