കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിൽ നിശാപാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ പുറത്ത് വിട്ട് ബിജെപി. ബിജെപിയുടെ ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യയാണ് വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ട് രാഹുൽ ഗാന്ധിയെ പരിഹസിച്ചത്. പാർട്ടിയിലെ പ്രതിസന്ധിക്കിടെ രാഹുൽ ഗാന്ധി നിശാപാർട്ടികളിൽ പങ്കെടുത്ത് ആഘോഷിക്കുകയായിരുന്നെന്നായിരുന്നു അമിത് മാളവ്യയുടെ പരിഹാസം. എന്നാൽ ബിജെപിയുടെ ആരോപണത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. രാഹുൽ ഗാന്ധി കാണ്ഡ്മണ്ഡുവിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതാണെന്നും അതിലെന്താണ് കുഴപ്പമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ചോദിച്ചു. അനാവശ്യമായി രാഹുൽ ഗാന്ധിയുടെ പിന്നാലെ നടക്കുന്നതിന് പകരം രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ബിജെപി ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.‘അവസാനമായി ഞാൻ പരിശോധിച്ചപ്പോൾ രാജ്യത്ത് വിവാഹത്തിലും വിവാഹ നിശ്ചയ ചടങ്ങിലുമെല്ലാം പങ്കെടുക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും ഭാഗമാണ്. വിവാഹം കഴിക്കുകയോ ഒരാളുമായി സൗഹൃദം സ്ഥാപിക്കുകയോ അവരുടെ വിവാഹാഘോഷത്തില് പങ്കെടുക്കുകയും ചെയ്യുന്നത് ഇപ്പോഴും ഒരു കുറ്റമല്ല,’ രൺദീപ് സുർജേവാല പറഞ്ഞു. ‘പ്രധാനമന്ത്രി മോദി പാകിസ്ഥാനിലേക്ക് പോയതു പോലെ ക്ഷണിക്കപ്പെടാത്ത അതിഥിയായി രാഹുൽ ഗാന്ധി പോയിട്ടില്ല. ഒരു സുഹൃത്തിന്റെ സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി സൗഹൃദരാജ്യമായ നേപ്പാളിലേക്ക് പോയത്,’ രൺദീപ് സുർജേവാല കൂട്ടുച്ചേർത്തു.